ഓണം കൂടാന്‍ നാട്ടിലേക്കു പുറപ്പെട്ട പെണ്‍കുട്ടി ജഡമായി ആണ്‍സുഹൃത്തിനൊപ്പം

കോഴിക്കോട്: ഓണം ആഘോഷിക്കാന്‍ മംഗലാപുരത്തെ കോളജില്‍ നിന്ന് കോഴിക്കോട്ടെ വീട്ടിലേക്കു പുറപ്പെട്ട പെണ്‍കുട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു. ബിഫാം വിദ്യാര്‍ഥിനിയും കോഴിക്കോട് അത്തോളി സ്വദേശിനിയുമായ ആയിഷ റഷആണ് മരിച്ചത്. ഇവരെ മരിച്ച നിലയില്‍ ആണ്‍ സുഹൃത്ത് ബഷീറുദീന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആയിഷയുടെ മരണത്തിന് ഉത്തരവാദി ബഷീറുദീന്‍ ആണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ബഷീറുദീനെ കോഴിക്കോട് നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് വാടകവീട്ടിലാണ് ജിംനേഷ്യം ട്രെയിനറായ ബഷീറുദീന്‍ താമസിക്കുന്നത്. മംഗലാപുരത്തു നിന്നു കോഴിക്കോട് എത്തിയ ആയിഷ സ്വന്തം വീട്ടില്‍ പോകാതെ തന്റെ വീട്ടിലാണ് വന്നതെന്നും താന്‍ പുറത്തു പോയി തിരിച്ചു വരുമ്പോള്‍ തൂങ്ങിയ നിലയില്‍ അവരെ കാണുകയായിരുന്നുവെന്നുമാണ് ബഷീറുദീന്‍ പറയുന്നത്. ഇയാള്‍ തന്നെയാണ് ആയിഷയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കുന്നത്.
ഓണാവധിക്കായി മൂന്നു ദിവസം മുമ്പാണ് ആയിഷ കോഴിക്കോടെത്തുന്നത്. എന്നാല്‍ സ്വന്തം വീട്ടിലേക്കു പോകാതെ നേരെ സുഹൃത്തിന്റെ വീട്ടില്‍ എത്തുകയായിരുന്നു. മരണകാരണം ആത്മഹത്യ തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുക. എന്നാല്‍ ബഷീറുദീന്‍ ആയിഷയെ ബ്ലാക്‌മെയിലിങ് നടത്തി സ്വന്തം താമസസ്ഥലത്തെത്തിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.