പത്തനംതിട്ട: കാല്‍ നൂറ്റാണ്ടു കാലത്തോളം ക്രിസ്ത്യന്‍ പള്ളിയുടെ സുരക്ഷാ ചുമതല വഹിച്ച അക്രൈസ്തവനായ വ്യക്തിക്ക് പള്ളിക്കുള്ളില്‍ പൊതു ദര്‍ശനത്തിനും അന്ത്യാഞ്ജലി അര്‍പ്പണത്തിനും അവസരമൊരുക്കി വേറിട്ട മാതൃക കാട്ടിയിരിക്കുകയാണ് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളി. പള്ളിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന പ്രക്കാനം ഇടയാടിയില്‍ അജികുമാര്‍ കുറുപ്പിനാണ് അപൂര്‍വമായ ഈ സൗകര്യം മരണശേഷം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത്.
ഞായറാഴ്ച വൈകുന്നേരമാണ് വീട്ടില്‍ വച്ച് അജികുമാറിന് ഹൃദ്രോഗബാധയുണ്ടാകുന്നതും മരണം സംഭവിക്കുന്നതും. അതേ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്നലെ സംസ്‌കാരത്തിനായി മൃതദേഹം മോര്‍ച്ചറിയില്‍ നിന്നു പുറത്തെടുത്തപ്പോള്‍ തൊഴില്‍ ചെയ്ത സ്ഥലത്ത് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരമൊരുക്കണമെന്ന് പള്ളിക്കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം പരേതന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍ അവര്‍ക്കും നൂറു സമ്മതം. ഞായറാഴ്ച മരിക്കുന്നതിനു മുമ്പു പോലും പള്ളിയിലെ സര്‍വീസിനു വേണ്ട സൗകര്യങ്ങള്‍ അജികുമാര്‍ ഒരുക്കിയിരുന്നതാണ്.
ഇങ്ങനെ പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ഒന്‍പതിന് മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് എടുത്തുകൊണ്ടു വരുന്ന വഴി നേരേ പള്ളിയിലേക്കാണ് കൊണ്ടുവന്നത്. പത്തു വരെ മൃതദേഹം പള്ളിയുടെ ഒത്ത നടുവില്‍ തന്നെ പ്രത്യേകം തയാറാക്കിയ മേശമേല്‍ സൂക്ഷിച്ചു. നിരവധി ആള്‍ക്കാരും പള്ളി വിശ്വാസികളും പള്ളിയിലെത്തിയാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. സാധാരണ ക്രൈസ്തവ വിശ്വാസികളുടെ മൃതദേഹം പള്ളിയില്‍ വയ്ക്കുമ്പോഴുള്ള പ്രാര്‍ഥനകള്‍ പോലും ഇതോടൊപ്പം നടത്തുകയും ചെയ്തു. വികാരി റവ. ഏബ്രഹാം തോമസും സെക്രട്ടറി ഷിബു കെ ജോണുമാണ് കാര്യങ്ങള്‍ക്കെല്ലാം നേതൃത്വം വഹിച്ചത്.
അക്രൈസ്തവനായ വ്യക്തിയുടെ മൃതദേഹത്തിനു പൊതു ദര്‍ശനം പള്ളിയുടെ നടുവില്‍
