തൊടുപുഴ: അടച്ചിട്ടിരുന്ന ഹോട്ടലിന്റെ ഓവുചാലിനോടു ചേര്‍ന്നുള്ള മാന്‍ഹോളില്‍ അറുപത്തൊന്നുകാരിയുടെ ജഡം കാണപ്പെട്ട സംഭവത്തില്‍ ഹോട്ടല്‍ തൊഴിലാളിയായ യുവാവ് പിടിയില്‍. അടിമാലി മന്നാംകണ്ടം പാലക്കാട്ടേല്‍ രാജേഷിനെയാണ് എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നു പിടികൂടിയത്. രാജാക്കാട് കള്ളിമാലി സ്വദേശിനിയും കുന്നത്തുതാഴത്ത് പരേതനായ ബേബിയുടെ ഭാര്യയുമായ ശാന്തയാണ് കൊല്ലപ്പെട്ടത്. ഇവര്‍ ധരിച്ചിരുന്ന പന്ത്രണ്ട് പവനോളം ആഭരണങ്ങള്‍ കവര്‍ച്ചചെയ്യുന്നതിനായി രാജേഷ് ഇവരെ കൊലചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു.
നേര്യമംഗലത്തു വാടകയ്ക്കു താമസിക്കുകയായിരുന്ന രാജേഷിനെ സംഭവം നടന്നതു മുതല്‍ കാണാതായതാണ് സംശയം ഇയാളിലേക്കു നീളാന്‍ കാരണമായത്. ഹോട്ടല്‍ പൂട്ടിപ്പോകുന്നതിനു മുമ്പ് ഇവിടുത്തെ പാചകക്കാരനായിരുന്നു രാജേഷ്. ഈ മാസം പതിനെട്ടിനാണ് ശാന്തയെ കാണാതാകുന്നത്. 20ന് ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 23നാണ് മാന്‍ഹോളില്‍ നിന്ന് അഴുകിയ അവസ്ഥയില്‍ ശരീരം കണ്ടെടുക്കുന്നത്. ശാന്തയുടെ നഷ്ടപ്പെട്ട ആഭരണങ്ങളില്‍ ഒമ്പതു പവന്‍ അടിമാലിയില്‍ വിറ്റഴിക്കുകയും മൂന്നു പവന്റെ മാല രാജേഷ് മാറിയെടുക്കുകയും ചെയ്തുവെന്ന് പോലീസ് വെളിപ്പെടുത്തുന്നു. സ്വര്‍ണം വിറ്റു കിട്ടിയ പണത്തില്‍ അമ്പതിനായിരം രൂപ കടം വീട്ടാനെടുത്ത ശേഷം നാടുവിടുകയായിരുന്നു ചെയ്തത്. രാജാക്കാട്ട് സ്ഥലം വിറ്റ വകയില്‍ ശാന്തയ്ക്ക് നേരത്തെ പത്തു ലക്ഷം രൂപ കിട്ടിയിരുന്നതാണ്. അതില്‍ നാലുലക്ഷം രൂപയും രാജേഷ് തന്നെ വാങ്ങിയെടുത്തിരുന്നു. രാജേഷിനെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്.
ഹോട്ടല്‍ മാന്‍ഹോളില്‍ തിരുകി കയറ്റിയ നിലയില്‍ ജഡം കണ്ട കേസ്, യുവാവ് അറസ്റ്റില്‍
