വീണ്ടും പാരക്വിറ്റ് കൊലപാതകം; പെൺസുഹൃത്ത് അറസ്റ്റിൽ

കൊച്ചി: കാമുകനെ വിഷം കൊടുത്ത ഗ്രീഷ്മയുടെ കേസിന്റെ ചൂടാറും മുമ്പ് അതേ സ്വഭാവത്തിലുള്ള കൊലപാതകത്തിനു കോതമംഗലത്തും കേസ്. മാതിരപ്പിള്ളി മേലേത്തുമാലിയില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) വിഷം ഉള്ളില്‍ ചെന്നു മരിച്ച സംഭവം കൊലപാതകം തന്നെയെന്നു തെളിഞ്ഞു. അന്‍സിലിനു വിഷം നല്‍കിയ പെണ്‍സുഹൃത്ത് മാലിപ്പാറ ഇടയത്തുകുടി അഥീനയെ പോലീസ് അറസ്റ്റു ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അന്‍സിലിന്റെ ഉള്ളില്‍ ചെന്നത് അതിമാരകമായ പാരക്വിറ്റ് എന്ന കളനാശിനിയാണെന്നു തെളിഞ്ഞു. തിരുവനന്തപുരത്ത് ഗ്രീഷ്മയും കാമുകനെ ഒഴിവാക്കിയത് പാരക്വിറ്റ് തന്നെ നല്‍കിയായിരുന്നു.
അന്‍സിലിന്റെ വര്ഷങ്ങളായുള്ള പെണ്‍സുഹൃത്താണ് അഥീന. അന്‍സിലിന്റെ മരണത്തിനു തൊട്ടുപിന്നാലെ തന്നെ അഥീനയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചേലാടുള്ള കടയില്‍ നിന്നു തന്നെയാണ് പാരക്വിറ്റ് വാങ്ങിയതെന്നു പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അവശനിലയില്‍ കൊച്ചിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അന്‍സില്‍ ചികിത്സയ്ക്കിടെയാണ് മരിക്കുന്നത്. മരണത്തിനു മുമ്പ് പെണ്‍സുഹൃത്ത് തന്നെ ചതിച്ചതായി അന്‍സില്‍ പോലീസിനോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അഥീനയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ഒറ്റപ്പെട്ട സ്ഥലത്ത് തനിച്ചൊരു വീട്ടിലായിരുന്നു ഇവരുടെ താമസം. അന്‍സില്‍ ഉള്‍പ്പെടെ ഏതാനും യുവാക്കള്‍ അഥീനയുടെ അടുപ്പത്തിലുണ്ടായിരുന്നു. ഇതിനിടെ മറ്റൊരു യുവാവുമായി അഥീന കൂടുതലായി അടുക്കുകയും അതിനു തടസമായി മാറിയ അന്‍സിലിനെ ഒഴിവാക്കാനായി വിഷം നല്‍കുകയുമായിരുന്നു. വിഷം എങ്ങനെയാണ് അന്‍സിലിന്റെ വയറ്റില്‍ ചെന്നതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. അതിനായി വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി പോലീസ് കാക്കുകയാണ്.
മകന്‍ വിഷം കഴിച്ച് തന്റെ ഭവനത്തില്‍ കിടക്കുന്നതായും അവിടെ നിന്ന് എടുത്തുമാറ്റണമെന്നും അദീന തന്നെ അന്‍സിലിന്റെ മാതാവിനെ വിളിച്ചു പറയുകയായിരുന്നെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയും പോലീസെത്തി അന്‍സിലിനെ കണ്ടെത്തി ആശുപത്രിയിലാക്കുകയുമായിരുന്നു.
ടിപ്പര്‍ ഡ്രൈവറായിരുന്നു അന്‍സില്‍. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. അഥീനയും അന്‍സിലും തമ്മില്‍ പലതരത്തിലുള്ള സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. അതിന്റെ പേരിലും ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. രണ്ടു മാസം മുമ്പ് അന്‍സില്‍ മര്‍ദിച്ചതായി കാണിച്ച് അഥീന കോതമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് പരാതി പിന്‍വലിക്കുകയാണുണ്ടായത്. അന്‍സിലിന്റെ മൃതദേഹം മാതിരപ്പിള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.