പിറന്ന മണ്ണിലേക്ക് ‘കോലാഹലം’ എത്തുന്നു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പിറന്ന് മലയാളക്കരയിലെ തീയറ്ററുകളില്‍ ചരിത്രമെഴുതിയ മലയാള ചലച്ചിത്രം ‘കോലാഹലം’ തിരികെ ഓസ്‌ട്രേലിയയുടെ മണ്ണിലേക്കു തന്നെയെത്തുന്നു. ഇതിനകം നാട്ടിലും മറുനാട്ടിലുമായി രണ്ടു ഡസനിലധികം അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും കേരളത്തില്‍ ഗംഭീര പ്രേക്ഷക പ്രശംസ നേടുകയും ചെയ്തതിന്റെ തിളക്കവുമായെത്തുന്ന കോലാഹലം സിഡ്‌നിയിലെ രണ്ടു സ്‌ക്രീനുകളില്‍ കാഴ്ചയുടെ വിരുന്നൊരുക്കും. സിഡ്‌നിയുടെ സ്വന്തം കലാകാരന്‍മാരുടെ സിദ്ധിയുടെ മൂശയിലാണ് കോലാഹലത്തിന്റെ പിറവിയെന്നത് ഏതൊരു സിഡ്‌നി പ്രവാസിക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. റീലീസായി ഏറെ വൈകാതെ തന്നെ സിഡ്‌നിയിലെ മലയാളികള്‍ക്ക് ഒന്നിച്ചിരുന്നു കാണാനും വെള്ളിത്തിരയ്‌ക്കൊപ്പം ചിരിയും വ്യസനവും ആഘോഷവും പങ്കിടാനും അവസരമൊരുങ്ങുന്നു. ഓഗസ്റ്റ് പത്തിന് സിഡ്‌നിയിലും 19ന് സെന്‍ട്രല്‍ കോസ്റ്റിലും സിനിമയുടെ പ്രദര്‍ശനം നടക്കും. റൗസ് ഹില്‍ റീഡിങ് സിനിമാസില്‍ ഓഗസ്റ്റ് പത്തിന് വൈകുന്നേരം നാലിനാണ് സിഡ്‌നിയിലെ ഷോ. ലെയ്ക് ഹാവനിലുള്ള മെട്രോ സിനിമയില്‍ സെന്‍ട്രല്‍ കോസ്റ്റിലെ ഷോ ഓഗസ്റ്റ് 19നു വൈകുന്നേരം 6.15നു നടക്കും..