സുനിയുടെ കുടിയില്‍ ഒടുവില്‍ കേസ്

കണ്ണൂര്‍: കൊടി സുനിയും സംഘവും പോലീസ് അകമ്പടിയില്‍ പരസ്യ മദ്യപാനം നടത്തിയ സംഭവത്തില്‍ വേണ്ടത്ര തെളിവില്ലെന്നു പറഞ്ഞ് കേസ് എടുക്കാതിരുന്ന പോലീസ് അവസാനം തങ്ങളുടെ തെറ്റ് മനസിലാക്കി കേസെടുക്കാന്‍ തയാറായി. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. അബ്കാരി ആക്ട് പ്രകാരമാണിപ്പോള്‍ കേസെടുത്തിരിക്കുന്നത്.
മാഹി ഇരട്ട കൊലപാതക കേസില്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളവരാണ് ഇവര്‍ മൂവരും. ഇതിന്റെ വിചാരണയ്ക്ക് തലശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു സുനിയുടെയും സംഘത്തിന്റെയും പരസ്യ സുരാപാനം. കോടതിക്കു തൊട്ടു മുന്നിലെ ബാര്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ആഘോഷപൂര്‍വം മദ്യപിക്കുകയാണ് ഇവര്‍ ചെയ്തത്. മദ്യവും കൂടെ തൊട്ടുകൂട്ടാനുള്ള ടച്ചിംഗ്‌സുമെല്ലാം സുനിയുടെയും സംഘത്തിന്റെ സുഹൃത്തുക്കളാണ് സ്ഥലത്തെത്തിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും അന്നു തന്നെ പുറത്തു വന്നിരുന്നതാണ്.
സുനിയും സംഘവും കോടതി പരിസരത്ത് ഇതിനു മുമ്പും മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നെങ്കിലും അന്നും നടപടിയൊന്നുമെടുത്തിരുന്നില്ല. ഇത്തവണ തന്നെ വിശദമായ നിയമോപദേശം തേടിയ ശേഷമാണ് കേസെടുക്കാന്‍ തയാറായിരിക്കുന്നത്. സുനിക്കും സംഘത്തിനും അകമ്പടി പോയ ക്യാമ്പിലെ മൂന്നു പോലീസുകരാര്‍ സസ്‌പെന്‍ഷനിലാണിപ്പോള്‍. മദ്യപാനം വിവാദമായതോടെ സുനിയുടെയും സംഘത്തിന്റെയും തുടര്‍ വിചാരണ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഈ വിചാരണയ്ക്ക് സുനിയെത്തിയത് ജയില്‍ യൂണിഫോമിനു പകരം കാവിമുണ്ട് ധരിച്ചു കൊണ്ടാണ്. ഇതും വിവാദമായിട്ടുണ്ട്.