നായയ്ക്കു കുഞ്ഞിനോടുള്ള അലിവു പോലുമില്ലാതെ നായ് വളര്‍ത്തുകാരന്‍ പിതാവ്

കൊച്ചി: നായ് വളര്‍ത്തി ജീവിക്കുന്നയാളുടെ ക്രൂരത സ്വന്തം നാലാം ക്ലാസില്‍ പഠിക്കുന്ന പുത്രനോടും വളര്‍ത്തു നായ്ക്കളോടും. വാടകവീടിനുള്ളില്‍ സ്വന്തം പുത്രനെയും 26 നായ്ക്കളെയും തനിച്ചാക്കി കുട്ടിയുടെ പിതാവായ തൃപ്പൂണിത്തുറ എരൂര്‍ തൈക്കാട്ട് ദേവീ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സുധീഷ് കടന്നു കളഞ്ഞു. രണ്ടര ദിവസമാണ് ഭക്ഷണമില്ലാതെ കുട്ടിയും പട്ടികളും കൂടി ദുര്‍ഗന്ധം വമിക്കുന്ന വീട്ടില്‍ തനിച്ചു താമസിച്ചത്. കുട്ടിയുടെ അമ്മ പ്രവാസിയാണ്, ജര്‍മനിയില്‍ ജോലിയിലാണ്. ഒടുവില്‍ കുട്ടിയുടെ വിവരമറിയാന്‍ അമ്മ വിളിച്ചപ്പോഴാണ് വീട്ടിലെ ദാരുണാവസ്ഥ അറിയുന്നത്. അമ്മ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കുട്ടിയെ ബന്ധുക്കളെ ഏല്‍പിച്ചു. എസ്പിസിഎ പ്രവര്‍ത്തകരെത്തി നായ്ക്കളെ ഷെല്‍ട്ടറിലാക്കുകയും ചെയ്തു. ഒരു നായ്ക്കുഞ്ഞിന് മുപ്പതിനായിരം മുതല്‍ മുകളിലേക്കു വിലയുള്ള മുന്തിയ ഇനങ്ങളെയാണ് ഇയാള്‍ വളര്‍ത്തിയിരുന്നത്.
അനധികൃതമായി വീട്ടിനുള്ളില്‍ നായ്ക്കളെ വളര്‍ത്തിയതിന് നഗരസഭ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഭയന്ന് ഇയാള്‍ വീടുവിട്ടു പോകുകയായിരുന്നുവെന്നു കരുതുന്നു. കഴിഞ്ഞ ആറുമാസമായി ഈ വീട്ടില്‍ അച്ഛനും മകനും നായ്ക്കളും കൂടിയാണ് താമസം. കുളിപ്പിക്കുകയോ വൃത്തിയാക്കുകയോ ചെയ്യാതെ ഇത്രയും നായ്ക്കളെ വളര്‍ത്തുന്നതിനാല്‍ പ്രദേശം മുഴുവന്‍ ദുര്‍ഗന്ധം നിറഞ്ഞപ്പോഴാണ് നാട്ടുകാര്‍ നഗരസഭയില്‍ പരാതിയുമായെത്തുന്നത്. അതേ തുടര്‍ന്നാണ് നഗരസഭാധികൃതര്‍ പരിശോധനയ്‌ക്കെത്തുന്നതും ഇയാള്‍ക്ക് നോട്ടീസ് നല്‍കുന്നതും. നായ്ക്കളെ മുഴുവന്‍ ഏഴു ദിവസത്തിനകം സ്ഥലത്തു നിന്നു മാറ്റണമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.