കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ പണി അടുത്തകാലത്തെങ്ങും ചൂളംവിളി കേള്‍ക്കില്ലെന്ന ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് കാര്യങ്ങള്‍ ഉഷാറാക്കിയിരിക്കുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് വരെയാണ് രണ്ടാം ഘട്ടത്തില്‍ പണി പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ നിശ്ചയിച്ച നിര്‍മാണ വേഗത കൈവരിക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. പത്തുമാസത്തിനു മുമ്പ് തീരേണ്ട പണികളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ അവസ്ഥ മാറ്റി അടുത്തവര്‍ഷം ജൂലൈയോടെ ട്രാക്ക് ഗതാഗത സജ്ജമാക്കാനുള്ള നീക്കങ്ങളിലേക്കാണ് ചുവടു മാറ്റം. ആദ്യ അഞ്ചു സ്‌റ്റേഷനുകളെങ്കിലും ജൂണ്‍ മുപ്പതിനകം പൂര്‍ത്തിയാക്കുകയാണെങ്കില്‍ ജൂലൈയില്‍ വണ്ടിയോടിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാവുമെന്നു കണക്കാക്കപ്പെടുന്നു.
രണ്ടാം ഘട്ടത്തിന്റെ ഭാഗമായ 825 പൈലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. പൈലടിച്ച് തൂണുകള്‍ സ്ഥാപിക്കുന്നതാണ് ഏറ്റവും സമയമെടുക്കുന്ന പണി. വയഡക്ടിനു വേണ്ട 603 എണ്ണവും സ്റ്റേഷനു വേണ്ട 22 എണ്ണവുമാണ് പൂര്‍ത്തിയായിരിക്കുന്നത്. ആകെ 1600 പൈലുകള്‍ വേണ്ടിവരുന്ന സ്ഥാനത്താണിത്. അതേസമയം കാസ്റ്റിങ് യാര്‍ഡില്‍ ഗര്‍ഡറുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പാലാരിവട്ടം, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍ എന്നിവിടങ്ങളിലാണ് ആദ്യ അഞ്ചു സ്റ്റേഷനുകള്‍ വരേണ്ടത്.
മെട്രോ രണ്ടാംഘട്ടം പണി 10 മാസം പിന്നില്‍, തീരുമാനം 10 മാസം കൂടി കഴിഞ്ഞ് വണ്ടിയോടിക്കാന്‍
