കാല്‍മുട്ടും ബുദ്ധിമുട്ടുകളും

പ്രായം കൂടുന്തോറും എല്ലുകള്‍ക്ക് ശക്തി കുറയുന്നതായി പരാതിപ്പെടുന്നവരേറെയാണ്. ഇവരുടെ പരാതിയില്‍ വാസ്തവവുമുണ്ട്. കാരണം അതു ശരീരത്തിന്റെ സ്വാഭാവികമായ കാര്യമാണ്. യുവത്വത്തിന്റെ ഓജസ് ശരീരത്തിനും ബലം അസ്ഥികള്‍ക്കും ഇല്ലാതാകുന്നതാണ് പ്രകൃതി നിയമം. എന്നാല്‍ തെറ്റായ ശീലങ്ങള്‍ നിമിത്തം ഉന്തിന്റെ കൂടെ ഒരു തള്ളും എന്നതിനു സമാനമായ അവസ്ഥ വരുത്തിവയ്‌ക്കേണ്ടതുണ്ടോയെന്നു നമ്മള്‍ തന്നെയാണ് ചിന്തിക്കേണ്ടത്.
അസ്ഥികളുടെ ബലക്ഷയം ഏറ്റവും പ്രകടമാകുന്ന ഒരു ശരീരഭാഗം കാല്‍മുട്ടുകളാണ്. ശരീരത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്നതിനു പുറമെ വേണ്ടത്ര ചലനമില്ലാത്ത ജീവിതമാണെങ്കില്‍ അതിന്റെ ക്ലേശവും ആദ്യം പ്രതിഫലിക്കുക കാല്‍മുട്ടുകളിലായിരിക്കും. കാല്‍മുട്ടുകളുടെ ആരോഗ്യം സംരക്ഷിക്കാനായി ഏതാനും ലളിത മാര്‍ഗങ്ങള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് ഇങ്ങനെയാണ്.

അമിത ഭാരം കുറയ്ക്കണം: അമിതമായ ശരീര ഭാരം കാല്‍മുട്ടുകള്‍ക്കാണ് ഏറ്റവും സമ്മര്‍ദമേല്‍പിക്കുക. ഓരോ ചുവടിലും ശരീര ഭാരത്തിന്റെ ഇരട്ടി ഭാരമാണ് അവ വഹിക്കുന്നത്. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് ഈ സമ്മര്‍ദം കുറയ്ക്കുന്നു. കൂടാതെ പരിക്കുകള്‍ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. ഓരോരുത്തര്‍ക്കും ആശാസ്യമായ ശരീരഭാരം എത്രയെന്ന് ബോഡി മാസ് ഇന്‍ഡക്‌സ് അനുസരിച്ചു കണ്ടെത്താന്‍ ഗൂഗിളില്‍ അനായാസം സാധിക്കും.

ഇടയ്ക്കിടെ ചലിപ്പിക്കുക: കാല്‍മുട്ടുകളെ അനക്കമില്ലാതെ സൂക്ഷിക്കുന്നതാണ് പലരുടെയും കാര്യത്തില്‍ സംഭവിക്കുന്ന ഒരു വലിയ പ്രശ്‌നം. ഇടയ്ക്കിടെ ചലിപ്പിക്കുന്നത് കാല്‍മുട്ടുകള്‍ക്ക് വഴക്കം നല്‍കുകയും സന്ധികളെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യും. നടത്തം, നീന്തല്‍, സൈക്ലിംഗ്, യോഗ തുടങ്ങിയവയൊക്കെ കാല്‍മുട്ടുകള്‍ക്ക് ആവശ്യത്തിനു വഴക്കമുണ്ടാക്കിക്കൊടുക്കുന്ന കാര്യങ്ങളാണെന്നറിയുക.

പേശികള്‍ക്ക് ബലം നല്‍കുക: ബലമുള്ള പേശികള്‍ കാല്‍മുട്ടുകളിലെ സമ്മര്‍ദം കുറയ്ക്കുന്നതിന് ഏറെ സഹായിക്കുന്ന കാര്യമാണ്. കാലിന്റെ പേശീബലം വര്‍ധിപ്പിക്കുന്നതിന് നിരവധി ലളിതമായ വ്യായാമ മുറകള്‍ നിലവിലുണ്ട്. വെറുതെ കുത്തിയിരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നതും കിടന്നുകൊണ്ട് സൈക്കിള്‍ ചവിട്ടുന്ന രീതിയില്‍ കാലുകള്‍ ചലിപ്പിക്കുന്നതുമൊക്കെ വലിയ മാറ്റങ്ങള്‍ വരുത്തും.

സ്‌ട്രെച്ചിങ്: കാല്‍മുട്ടുകളില്‍ പ്രശ്‌നമുണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം മുട്ടിനു ചുറ്റുമുള്ള പേശികള്‍ മുറുകുന്നതാണ്. ദിവസവും, പ്രത്യേകിച്ച് തുടകള്‍, കണങ്കാലിലെ പേശികള്‍, ഇടുപ്പ് എന്നിവ നീട്ടുകയും മടക്കുകയും ചെയ്യുന്ന വ്യായാമ മുറകള്‍ ശീലിക്കുന്നത് പേശികളെ അയവുള്ളതാക്കാന്‍ സഹായിക്കുന്ന കാര്യമാണ്. മറ്റു വ്യായാമങ്ങള്‍ ചെയ്യുന്നവരാണെങ്കില്‍ ഏറ്റവും അവസാനമാണ് ഇത്തരം സ്‌ട്രെച്ചിങ്ങ് നടത്തേണ്ടത്.

ശരിയായ പാദരക്ഷകള്‍: നടക്കുകയും മറ്റും ചെയ്യുമ്പോള്‍ പാദത്തിന് ആവശ്യത്തിനു കുഷനിങ് ഇഫക്ട് കിട്ടേണ്ടതാവശ്യമാണ്. പലരും മെതിയടിക്കു തുല്യമായ പാദരക്ഷകള്‍ അല്ലെങ്കില്‍ ഷൂസുകള്‍ ആണു ധരിക്കുന്നത്. ഇതുവഴി നഷ്ടമാകുന്നത് കുഷനിങ് ഇഫക്ടാണ്. ഇതിന്റെയും ദോഷം ഏറ്റവും താങ്ങേണ്ടി വരുന്നത് കാല്‍മുട്ടുകളാണെന്നോര്‍ക്കുക. കാറിന്റെയും മറ്റും ഷോക്ക് അബ്‌സോര്‍ബറിന്റെ പ്രയോജനമാണ് കുഷനിങ് തരുന്ന ചെരുപ്പുകള്‍ ചെയ്യുന്നത്.

പോസ്ചറില്‍ വേണം ശ്രദ്ധ: പോസ്ചര്‍ എന്നാല്‍ ശരീരം സൂക്ഷിക്കുന്ന രീതിയാണ്. അതായത് വളഞ്ഞോ മടങ്ങിയോ ഒക്കെ ഇരിക്കുന്ന രീതിയില്‍ ഒരു ശരീര ഭാഗവും വച്ചു കൂടാ. സദാ നിവര്‍ന്നിരിക്കുകയും നിവര്‍ന്നു തന്നെ നില്‍ക്കുകയും വേണം. ഒടിഞ്ഞുകൂടിയും വളഞ്ഞുമൊക്കെ ഇരിക്കുന്നത് നട്ടെല്ലു കഴിഞ്ഞാല്‍ ഏറ്റവും പ്രശ്‌നകാരിയായി മാറാവുന്നത് കാല്‍മുട്ടുകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *