കീം ഹൈക്കോടതി റദ്ദാക്കി, സര്‍ക്കാരിനു തിരിച്ചടി

സംസ്ഥാന ഗവണ്‍മെന്റിനു കനത്ത തിരിച്ചടിയേകിക്കൊണ്ട് ഇക്കൊല്ലത്തെ കീം പരീക്ഷാഫലം കേരള ഹൈക്കോടതി റദ്ദാക്കി. പരീക്ഷാനടത്തിപ്പിന്റെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയ ശേഷം വെയ്‌റ്റേജ് നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തിയത് നിയമവിധേയമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സിബിഎസ്ഇ സമ്പ്രദായത്തില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതാണെന്ന് കാണിച്ചുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാന ഗവണ്‍മെന്റ് കീം പരീക്ഷയുടെ ഫലം പുറത്തുവിട്ടത് കഴിഞ്ഞയാഴ്ച മാത്രമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥി പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ആ പ്രക്രിയയെ മുഴുവന്‍ അടിസ്ഥാനപരമായി ബാധിക്കുന്ന വിധിയുണ്ടായിരിക്കുന്നത്.
കീമിന്റെ പ്രോസ്‌പെക്ടസില്‍ അടക്കം മാറ്റം വരുത്തിയതിനെയും പ്രോസ്‌പെക്ടസില്‍ പറഞ്ഞിരിക്കുന്നതിനു വിരുദ്ധമായി മാര്‍ക്ക് ഏകീകരണം നടത്തിയതിനെയും ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഈ വാദത്തെ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ വിധി.
സംസ്ഥാന സിലബസില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത രീതിയില്‍ തമിഴ്‌നാട് മാതൃകയില്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാന്‍ സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രോസ്‌പെക്ടസില്‍ പിന്നീട് മാറ്റം വരുത്തുന്നത്. ഈ മാറ്റങ്ങള്‍ക്കനുസരിച്ചായിരുന്നു റാങ്ക് പട്ടിക തയ്യാറാക്കിയത്.
ഫലം റദ്ദാക്കിയ സാഹചര്യത്തില്‍ പഴയ വെയ്‌റ്റേജ് അനുസരിച്ച് പുതിയ റാങ്ക് പട്ടിക പുറത്തിറക്കേണ്ടിവരുന്ന അവസ്ഥയിലാണ് സംസ്ഥാനം ഇപ്പോഴെത്തിയിരിക്കുന്നത്. അല്ലാത്തപക്ഷം വിധിക്കെതിരേ സംസ്ഥാനം ഹര്‍ജി നല്‍കേണ്ടതായി വരും. എന്തായാലും സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകളിലെ പ്രവേശനം വൈകുമെന്നുറപ്പ്. മാര്‍ക്ക് ഏകീകരണത്തില്‍ തീരുമാനം വരാതിരുന്നതിനാല്‍ ഏറെ വൈകിയാണ് ഇക്കൊല്ലത്തെ കീം പ്രവേശനഫലം പുറത്തുവിടാന്‍ സാധിച്ചതു തന്നെ.