ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ നിരത്തുകളെ കുരുതിക്കളമാക്കി ട്രക്ക് ഡ്രൈവറുടെ അഴിഞ്ഞാട്ടം. കാറുകളും ബൈക്കുകളും ഇടിച്ചു തെറിപ്പിച്ച ട്രക്കിന്റെ ഭ്രാന്തന്‍ ഓട്ടത്തില്‍ പത്തൊമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. യാതൊരു നിയന്ത്രണവുമില്ലാതെ പാഞ്ഞ ട്രക്ക് എതിരേ വന്ന എല്ലാ വാഹനങ്ങളെയും നിര്‍ദാക്ഷിണ്യം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പത്തിലധികം യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒടുവില്‍ ട്രക്ക് മറ്റു വാഹനങ്ങളില്‍ ഇടിച്ചു നിന്നപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഡ്രൈവറെ പിടികൂടി പോലീസില്‍ എല്‍പ്പിച്ചു. ഇയാള്‍ മദ്യപിച്ചതായി സംശയിക്കുന്നതായി പോലീസ് വെളിപ്പെടുത്തി. അഞ്ച് കിലോമീറ്ററോളം ദൂരത്തിലുള്ള റോഡാണ് ഇയാളുടെ അരാജക ഡ്രൈവിങ്ങില്‍ വിറങ്ങലിച്ചത്.
ജയ്പൂര്‍ നഗരത്തിലെ ഹര്‍മദ മേഖലയിലാണ് കൂട്ടക്കൊല അരങ്ങേറിയത്. റോഡില്‍ മൃതദേഹങ്ങളും തകര്‍ന്ന വാഹനങ്ങളും ചിതറിക്കിടക്കുകയായിരുന്നു. ട്രക്ക് ആദ്യം ഒരു കാറിലാണ് ഇടിച്ചത്. അതോടെ നാട്ടുകാര്‍ വിവിധ വാഹനങ്ങളില്‍ ട്രക്കിനെ പിന്തുടര്‍ന്നു. ഇതു കണ്ടതോടെ രക്ഷപെടാന്‍ വേണ്ടി ട്രക്ക് ഡ്രൈവര്‍ സ്പീഡ് കൂട്ടി മുന്നോട്ടു കുതിക്കുകയായിരുന്നു. അതിനിടയിലാണ് മറ്റു വാഹനങ്ങളെയെല്ലാം ഇടിച്ചു തെറിപ്പിച്ചത്. ഒടുവില്‍ ഡല്‍ഹി-അജ്മീര്‍ ഹൈവേയില്‍ ഒരു ട്രെയിലറിലും കാറിലുമായി ഇടിച്ചാണ് ട്രക്ക് നിന്നത്. അതോടെയാണ് നാട്ടുകാര്‍ ഡ്രൈവറെ പിടികൂടി പോലീസില്‍ ഏല്‍പിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

