സിഡ്‌നി: വടക്കന്‍ സിഡ്‌നിയില്‍ ഏറെ സഞ്ചാരികളെത്തുന്ന ബീച്ചുകളിലൊന്നില്‍ സര്‍ഫിങ്ങില്‍ ഏര്‍പ്പെട്ടിരുന്നയാള്‍ കടല്‍സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഡീവൈക്കു സമീപം ലോങ് റീഫില്‍ ഇന്നു രാവിലെ പത്തോടെയായിരുന്നു സ്രാവിന്റെ ആക്രമണം. സര്‍ഫിങ്ങിനിടെ ഇയാളെ സ്രാവിന്റെ വായില്‍ നിന്ന് വലിച്ചൂരിയെടുത്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്ന് വടക്കന്‍ നാരാബീ മുതല്‍ മാന്‍ലി വരെയുള്ള ഭാഗത്തെ ബീച്ചുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. സഞ്ചാരികള്‍ക്കു പ്രവേശനമുണ്ടായിരിക്കില്ല.
ഇയാള്‍ സഞ്ചരിച്ചിരുന്ന സര്‍ഫ് ബോര്‍ഡ് നടുവെ ഒടിഞ്ഞ നിലയിലാണ് കടലില്‍ നിന്നു തിരികെ ലഭിച്ചത്. പോലീസ് ഇതും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഏതിനം സ്രാവാണ് ഇയാളെ കടിച്ചതെന്ന് തിരിച്ചറിയാന്‍ പ്രാഥമിക വ്യവസായ വകുപ്പില്‍ നിന്നുള്ള ബയോളജിസ്റ്റുമാര്‍ സംഭവ സ്ഥലത്തെത്തി പരിശോധ ആരംഭിച്ചിരിക്കുകയാണ്.
സ്രാവിന്റെ ആക്രമണം നടക്കുന്ന അതേ സമയം തന്നെ ഇതിനു സമീപത്തുള്ള നോര്‍ത്ത് ഡീ ബീച്ചില്‍ ഒരു ജൂണിയര്‍ സര്‍ഫിങ് മത്സരം നടക്കുന്നുണ്ടായിരുന്നു. കൊല്ലപ്പെട്ടയാള്‍ ഈ സംഘത്തില്‍ നിന്നുള്ളതാണോയെന്ന വിവരവും ശേഖരിച്ചു വരുന്നു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഈ ഭാഗത്തെ ബീച്ചുകളില്‍ സന്ദര്‍ശകരെത്തുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. കടലിന്റെ ഈ ഭാഗത്ത് സ്രാവിന്റെ സഞ്ചാരത്തിന്റെ ലക്ഷണങ്ങളെന്തെങ്കിലമുണ്ടോയെന്ന് തിരയുന്നതിനായി ഡ്രോണുകളുടെ സഹായവും തേടിയിട്ടുണ്ട്. കഴിഞ്ഞ അറുപതു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് സിഡ്‌നി ഭാഗത്ത് കടലില്‍ സ്രാവിന്റെ ആക്രമണത്തില്‍ മനുഷ്യ ജീവന്‍ പൊലിയുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതിനു മുമ്പ് രേഖപ്പെടുത്തപ്പെട്ട സ്രാവ് ആക്രമണം നടന്നത് 1963ല്‍ ആയിരുന്നു. പ്രശസ്ത നടി മാര്‍സിയ ഹാതാവേ ആണ് 1963ല്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടലില്‍ മുട്ടൊപ്പം വെള്ളത്തില്‍ നില്‍ക്കുകയായിരുന്ന നടിയെ ഒരു ബുള്‍ ഷാര്‍ക്കാണ് അന്ന് ആക്രമിച്ചത്. മിഡില്‍ ഹാര്‍ബറിലായിരുന്നു ആ സംഭവം.
ഈ ഭാഗത്ത് ആഴക്കടലില്‍ സ്രാവുകളുള്ളത് സാധാരണമാണെങ്കിലും കരയോടടുത്ത് അവ പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമാണെന്ന അഭിപ്രായിമാണ് പ്രാഥമിക വ്യവസായ വകുപ്പിനുള്ളത്. കാലാവസ്ഥാമാറ്റം കൊണ്ടോ ആഴക്കടലില്‍ തീറ്റ കുറവായതുകൊണ്ടോ ആയിരിക്കാം അവ തീരക്കടലിലേക്കു കയറിവന്നതെന്നാണ് പ്രാഥമികമായി അനുമാനിക്കപ്പെടുന്നത്.
വടക്കന്‍ സിഡ്‌നി ബീച്ചില്‍ കൊലയാളി സ്രാവിന്റെ ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു
