തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ വച്ച് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇത്രയും കാലം കൊണ്ട് ഗൈഡ് വയറിന്റെ രണ്ട് അഗ്രവും ധമനികളുമായി ഒട്ടിച്ചേര്‍ന്നു പോയതാണ് കീഹോള്‍ സര്‍ജറി വഴി ഇതു പുറത്തെടുക്കാന്‍ കഴിയാതെ പോയതിനു കാരണം. ഇനി ഇതു പുറത്തെടുക്കണമെങ്കില്‍ മേജര്‍ ഓപ്പറേഷന്‍ തന്നെ വേണ്ടി വരുമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍.
കാട്ടാക്കട കിള്ളി സ്വദേശിനിയായ സുമയ്യ എന്ന യുവതിയുടെ നെഞ്ചിലാണ് ഗൈഡ് വയര്‍ കുടുങ്ങിക്കിടക്കുന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടയില്‍ ശരീരത്തില്‍ സ്ഥാപിച്ച ഗൈഡ് വയര്‍ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തെടുക്കാന്‍ മറന്നു പോയതാണ് പ്രശ്‌നമായത്. രണ്ടു വര്‍ഷമായി ഗൈഡ് വയര്‍ യുവതിയുടെ ധമനിക്കുള്ളിലുണ്ട്. വിട്ടുമാറാത്ത കഫക്കെട്ടിനെ തുടര്‍ന്ന് എക്‌സ്‌റേ എടുത്തപ്പോഴാണ് പ്രശ്‌നകാരണം ഇതാണെന്നു കണ്ടെത്തുന്നത്. എന്നാല്‍ പരാതിയുമായി എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്തു. അതോടെ പ്രശ്‌നം വലിയ വിവാദമായി മാറി.ഗൈഡ് വയര്‍ കുടുങ്ങിക്കിടക്കുന്നതുകൊണ്ട് വേറെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നാണിപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്.
ചികിത്സാപിഴവില്‍ അകത്തായ ഗൈഡ് വയര്‍ ധമനിയില്‍ ഒട്ടിപ്പോയി, പുറത്തെടുക്കാനായില്ല

