ഇത്തവണ മലയാളിക്ക് ത്രിമധുരമായി തിരുവോണ ദിവസം. തിരുവോണമായ വെള്ളിയാഴ്ച തന്നെയാണ് നബിദിനവും അധ്യാപക ദിനവും വന്നെത്തുന്നത്. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായിരുന്ന ഡോ. എസ് രാധാകൃഷ്ണന്‍ എന്ന വലിയ അധ്യാപകന്റെ ദിനത്തിനൊപ്പം ദാനധര്‍മത്തിന്റെ മഹാപ്രമാണം പഠിപ്പിച്ച ഇതിഹാസത്തിലെ ആചാര്യനായ മഹാബലിയുടെയും കരുണയുടെ വലിയ പാഠം പഠിപ്പിച്ച ആചാര്യനായ മുഹമ്മദ് നബിയുടെയും ദിനങ്ങള്‍ ഒന്നിച്ചു വന്നതിന്റെ അപൂര്‍വതയ്ക്കാണ് ഈ വര്‍ഷം സാക്ഷിയായിരിക്കുന്നത്.
ഇന്ത്യയില്‍ മാത്രമാണ് സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനം ആചരിക്കുന്നത്. ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ ഒരു മാസം കൂടി കഴിഞ്ഞ് ഒക്ടോബര്‍ അഞ്ചിനാണ് അധ്യാപക ദിനം. ഇന്ത്യയിലാകട്ടെ ഡോ. എസ്. രാധാകൃഷ്ണന്റെ തന്നെ ആഗ്രഹപ്രകാരമാണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപക ദിനമായി ആചരിച്ചുകൊണ്ടിരിക്കുന്നത്. തന്റെ ജന്മദിനത്തിന് അതിന്റേതായ ആഘോഷങ്ങളൊന്നും ആവശ്യമില്ലെന്നു ജീവിച്ചിരുന്നപ്പോള്‍ തന്നെ അദ്ദേഹം നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടിരുന്നതാണ്.
മിലാദ് ഇ ഷെരീഫ് എന്ന പേരില്‍ ആചരിക്കുന്ന നബിദിനം തന്നെയാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഈദ് ഇ മിലാദ്, മിലാദ് ഉന്‍ നബി എന്ന പേരുകളിലും ആചരിക്കുന്നത്. മിലാദ് എന്ന അറബി വാക്കിന് അര്‍ഥം പിറവി എന്നാണ്. നബി എന്നത് പ്രവാചകന്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന വാക്കും. ഷെരീഫ് എന്ന പദവും ഇതു തന്നെ. എല്ലാ വര്‍ഷവും ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റാബി അല്‍ അവ്വാലിന്റെ പന്ത്രണ്ടാം ദിവസമാണ് പ്രവാചകനായ മുഹമ്മദ് ജനിച്ചത് എന്നാണ് വിശ്വാസം. അതിനാലാണ് ഈ ദിനം നബിദിനം എന്ന പേരില്‍ ആഘോഷിച്ചു പോരുന്നത്.
മലയാളികളെ സംബന്ധിച്ചിടത്തോളം മലയാളിയുള്ളിടത്തെല്ലാം കൂടെ കൊണ്ടുപോകുന്നതാണ് മഹാബലിയെയും ബലി ചക്രവര്‍ത്തിയുടെ ദാനശീലത്തെയും കുറിച്ചുള്ള ഐതിഹ്യം. പാതാളത്തിലേക്കു ചവുട്ടിത്താഴ്ത്തപ്പെട്ട മഹാബലി തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ വരുന്ന ദിനമെന്നാണ് ഓണത്തിന്റെ ഐതിഹ്യം. അതിനാല്‍ ലോകത്തെവിടെ മലയാളിയുണ്ടോ അവിടെയെല്ലാം മഹബലിക്ക് എത്തിയേ തീരൂ. അതിനാലാണ് മലയാളിയുള്ളിടത്തെല്ലാം ഓണത്തിന്റെ ആഘോഷവും ഉണ്ടായത്.
മലയാളിക്ക് ത്രിമധുര ദിനം; ഓണം, അധ്യാപക ദിനം, നബി ദിനം ഒന്നിച്ചെത്തുന്നു.
