കൊച്ചി: ലോക നീതിന്യായ ചരിത്രത്തില്‍ ഇന്ന് കേരള ഹൈക്കോടതി ഇടം പിടിച്ചേക്കാം. ഇന്നു ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് പ്രവര്‍ത്തിച്ചില്ലെന്നു തന്നെ പറയാം. അത്യാവശ്യമായി കേള്‍ക്കേണ്ട കേസുകളില്‍ മിനിറ്റുകള്‍കൊണ്ട് കേള്‍വി പൂര്‍ത്തിയാക്കി കോടതി പിരിഞ്ഞു. അതിന്റെ കാരണമാണ് ബഹുരസം. ചീഫ് ജസ്റ്റിസ് കേസ് കേള്‍ക്കുന്ന മുറിയെ ഒരാള്‍ മൂത്രമൊഴിച്ചു തോല്പിച്ചു. അതിനു ധൈര്യം മനുഷ്യര്‍ക്കു ലഭിക്കില്ലെന്നുറപ്പാണല്ലോ. എന്നാല്‍ മരപ്പട്ടിക്കു പറ്റും. ചെയ്തത് മരപ്പട്ടി. മുറി മുഴുവന്‍ ഫോള്‍സ് സീലിംഗ് ചെയ്തിരിക്കുകയാണ്. അതിനുള്ളില്‍ മരപ്പട്ടി കയറി വാസമുറപ്പിച്ചു എന്നു പറയുമ്പോള്‍ ബാക്കി പ്രകൃതിയുടെ വിളികളൊക്കെ അവിടെ വച്ചു തന്നെ സാധിക്കുമെന്നും മനസിലാക്കാമല്ലോ. മരപ്പട്ടിയുടെ മൂത്രത്തിന്റെ മണം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവര്‍ക്ക് അതു മറക്കാന്‍ സാധിക്കുകയുമില്ല. എന്തായാലും വക്കീലന്മാര്ക്കും കക്ഷികള്‍ക്കും ജഡ്ജിക്കു തന്നെയും പിടിച്ചു നില്ക്കാന് സാധിച്ചില്ല.
ഇതേ തുടര്‍ന്ന് ഹൈക്കോടതി സംവിധാനം മുഴുവന്‍ ഉണര്‍ന്നിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ കോടതി വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്. എന്നാല്‍ ഫോള്‍സ് സീലിംഗിന് മുകളില്‍ നിന്ന് മുഖ്യപ്രതിയെ താഴെയിറക്കാനുള്ള വഴി മാത്രം ആര്‍ക്കും കണ്ടെത്താനായിട്ടില്ലെന്നാണ് മനസിലാകുന്നത്.
കേരള ഹൈക്കോടതിക്ക് അപൂര്‍വ ‘നേട്ടം’. ഒരു പക്ഷേ ലോകത്തിലെ തന്നെ ആദ്യനേട്ടം
