കേരള കലാ(പ)ശാല തണുക്കുന്നു. പോരിനിറങ്ങിയവര്‍ക്ക് ഇനിയേതു വഴി

തിരുവനന്തപുരം: രണ്ടാഴ്ച മുമ്പു വരെ ഇതായിരുന്നില്ല സ്ഥിതി. അന്തരീക്ഷം തിളപ്പിക്കാനിറങ്ങിയവര്‍ക്കു മുഴുവന്‍ കൈപൊള്ളുമെന്ന തരിച്ചറിവിലാണോ കേരളത്തിലെ കലാശാലകള്‍ കലാപശാലകളായിരുന്ന അവസ്ഥയില്‍ നിന്നു തിരിച്ചു നടക്കുന്നു. സുപ്രീം കോടതി വടിയെടുത്തതോടെ ഡിജിറ്റല്‍, ടെക്‌നിക്കല്‍ വാഴ്‌സിറ്റികളില്‍ സ്ഥിരം വിസി നിയമനത്തിന് പാനലിന്റെ പേരും നല്‍കി ഗവര്‍ണറും മുഖ്യമന്ത്രിയും വലിയ അങ്കച്ചൂടില്‍ നിന്നു പിന്‍വാങ്ങി. ഗവര്‍ണര്‍ വീണ്ടും സുപ്രീം കോടതിയിലെത്തിയിട്ടുണ്ടെങ്കിലും മലപോലെ വന്നത് എലി പോകാനാണ് വഴി. സര്‍വകലാശാലകളില്‍ ബജറ്റ് പോലും പാസാക്കാനാവാത നിന്ന സാഹചര്യം മാറി ഓരോരുത്തരായി ബജറ്റുകള്‍ പാസാക്കിത്തുടങ്ങി.
എന്നിട്ടും കീറാമുട്ടിയായി നിന്ന കേരള വാഴ്‌സിറ്റിയും ഇതാ സമവായത്തിന്റെ വഴിയിലേക്കു വന്നിരിക്കുന്നു. രജിസ്ട്രാര്‍ കെ. അശോകനെ സസ്‌പെന്‍ഡ് ചെയ്ത വിസി മോഹന്‍ കുന്നുമ്മലിന്റെ നടപടി അംഗീകരിക്കില്ലെന്ന ഒറ്റവാശിയില്‍ നിന്ന സിന്‍ഡിക്കറ്റ് പിന്‍വാതിലിലൂടെ അതിന് അംഗീകാരം കൊടുത്തു കഴിഞ്ഞു. വിസിയുടെ തീരുമാനം അംഗീകരിച്ചോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാമെന്നു മാത്രം. ഫലത്തില്‍ ഡോ. കെ. അശോകന്‍ സസ്‌പെന്‍ഷനിലായിക്കഴിഞ്ഞു. അക്കാര്യം ഇപ്പോഴാരും പറയുന്നതു പോലുമില്ല. പകരം സിന്‍ഡിക്കറ്റ് ചെയ്തത് മറ്റൊന്ന്. ഡോ. മിനി കാപ്പനെ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജാക്കിയ വിസിയുടെ തീരുമാനത്തെ അംഗീകരിക്കില്ലെന്നു പറഞ്ഞു. എങ്കില്‍ വേറൊരു പേരു തന്നെക്കാനെന്നായി വിസി. ഇതാ പിടിച്ചോ എന്ന മട്ടില്‍ കാര്യവട്ടത്തെ ജോയിന്റ് രജിസ്ട്രാര്‍ ഡോ. ആര്‍. രശ്മിയുടെ പേര് എഴുതി നല്‍കി. വിസി അപ്പോഴേ അത് അംഗീകരിക്കുകയും ചെയ്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് വന്നു എന്നു പറഞ്ഞാല്‍ അതിന് ഒരു അര്‍ഥം മാത്രം, വിസി പറഞ്ഞിടത്ത് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. നിലവിലുള്ള രജിസ്ട്രാര്‍ ഡോ. കെ. അശോകന്‍ ഔട്ട് എന്നു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *