ദുബായ്: കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ മാമാങ്കമായ സൂപ്പര്‍ ലീഗ് കേരളയുടെ സീസണ്‍ ടൂ പുതിയ തലത്തിലേക്ക്. കിക്ക് ഓഫ് ടു ഗ്ലോറി എന്നു പേരിട്ട് കര്‍ട്ടന്‍ റൈസര്‍ പരിപാടി നടത്തിയിരിക്കുന്നതു ദുബായില്‍. ദുബായ് അല്‍ നഹ്ദയിലെ അല്‍ അഹ്‌ലി സ്‌പോര്‍ട്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ സീസണ്‍ രണ്ടിന്റെ ഔദ്യോഗിക മാച്ച് ബോള്‍ സാഹോ അനാച്ഛാദനം ചെയ്തു. സൂപ്പര്‍ ലീഗ് കിരീടവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ലോകോത്തര നിലവാരം ലീഗിലേക്കു കൊണ്ടുവരാന്‍ വേണ്ടി ഫിഫ അംഗീകൃത പന്തായ സാഹോയാണ് ഇത്തവണ ഉപയോഗിക്കുക. പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ ക്ലബ് ഉടമകള്‍, ഫ്രാഞ്ചൈസി ഉടമകള്‍ എന്നിവര്‍ ചേര്‍ന്നാണ് കര്‍ട്ടന്‍ റൈസര്‍ പരിപാടി സംഘടിപ്പിച്ചത്. യുവ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പ്രഫഷണല്‍ വേദി നല്‍കുക, അവരെ മികച്ച രീതിയില്‍ പിന്തുണയ്ക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ആരംഭിച്ചിരിക്കുന്നത്. ഫിറോസ് മീരാനാണ് എസ്എല്‍കെയുടെ മാനേജിങ് ഡയറക്ടര്‍. കേരളത്തിനപ്പുറത്തേക്ക് എസ്എല്‍കെയെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ട്ടന്‍ റൈസറിനു ദുബായ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഡയറക്ടര്‍ മാത്യു ജോസഫ് അറിയിച്ചു.
കേരള ഫുട്‌ബോള്‍ രാജ്യത്തിനപ്പുറത്തേക്കു വളരുന്നു, സൂപ്പര്‍ലീഗ് കേരള രണ്ടാം സീസന്റെ കര്‍ട്ടന്‍ റൈസര്‍ ദുബായില്‍

