ഇതുക്കും മേലേയാണ് പ്രതീക്ഷിച്ചതെന്ന് സുദീപ്‌തോ സെന്‍

മുംബൈ: കേരളത്തിനെതിരേ ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കി എന്നു വ്യാപകമായി ആക്ഷേപിക്കപ്പെടുന്ന ദി കേരള സ്റ്റോറി എന്ന സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ എഴുപത്തൊന്നാമത് ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ജൂറിക്കെതിരേ രംഗത്ത്. മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രത്തിന്റെ പേരില്‍ സുദീപ്‌തോയ്ക്കും മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം പ്രശാന്തനു മൊഹാപത്രയ്ക്കും ലഭിച്ചിരുന്നു. എന്നിട്ടും കേരള സ്‌റ്റോറിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.
ഈ ചിത്രത്തിനു കൂടുതല്‍ അവാര്‍ഡുകള്‍ കിട്ടാനുള്ള യോഗ്യതയുണ്ടായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് അപ്രതീക്ഷിത നേട്ടമായിരുന്നെങ്കിലും സാങ്കേതിക വിഭാഗങ്ങളിലെ അംഗീകാരമാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു സിനിമ പുറത്തിറങ്ങി രണ്ടു വര്‍ഷത്തിനു ശേഷം ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അതു തീര്‍ച്ചയായും മികച്ചതായിരിക്കും. അതുകൊണ്ടാണ് സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് ലഭിക്കണമെന്നു താല്‍പര്യപ്പെട്ടിരുന്നത്. മികച്ച നടിക്കുള്ള അവാര്‍ഡിന് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അദാ ശര്‍മയ്ക്ക് അര്‍ഹതയുണ്ടായിരുന്നു. അതു പോലെ മേക്കപ്പ് ആര്‍ട്ടിസ്റ്റും അവാര്‍ഡിനു യോഗ്യനാണ്. സുദീപ്‌തോ അഭിപ്രായപ്പെടുന്നു.