തിരുവനന്തപുരം: ജോലിയില്‍ നിന്നു വിരമിക്കുമ്പോഴും പുതിയൊരു അങ്കത്തിനു വേണ്ട ബാല്യം ബാക്കിയുണ്ടാകുമെന്നു കരുതുന്നവര്‍ക്കു വേണ്ടിയാണീ കുറിപ്പ്. ഇത്തരക്കാരെ നോക്കി കേരള സര്‍ക്കാരുണ്ട്. സര്‍ക്കാരിന്റെ ന്യൂ ഇന്നിങ്‌സ് എന്നൊരു പദ്ധതിയുണ്ട്. ഇതു വരെ ശീലിച്ച മേലാവും മേലധികാരിയുമുള്ള ജീവിതമല്ല ഇതെന്നറിയുക. നിങ്ങള്‍ തന്നെ സ്വന്തം മേലാവും മേലധികാരിയുമൊക്കെയാകുന്ന സംരംഭകരുടെ ലോകമാണ് രണ്ടാം ഇന്നിങ്‌സില്‍ നിങ്ങളെ കാത്തിരിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ് മിഷനാണിതു നടപ്പാക്കുന്നത്.
ഈ പുതിയ ഇന്നിങ്‌സില്‍ നിങ്ങള്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയ അറിവും ജീവിത പരിചയവും തൊഴില്‍ വൈദഗ്ധ്യവും ഉപയോഗിച്ച് വരുമാനം നേടാനും മറ്റുള്ളവര്‍ക്ക് വഴി കാട്ടിക്കൊടുക്കാനുമാകും. https://newinnings.startupmission.in എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും അപേക്ഷിക്കാനുമെല്ലാം സാധിക്കും. സംസ്ഥാന സ്റ്റാര്‍ട്ടപ് മിഷന്‍ അപേക്ഷകള്‍ പരിശോധിച്ച് അനുയോജ്യരെ കണ്ടെത്തി ആവശ്യമായ പരിശീലനവും നല്‍കിയാവും പദ്ധതിയുടെ നടത്തിപ്പിലേക്ക് ഇറക്കിവിടൂ.
അമ്പതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു മാത്രമാണ് അപേക്ഷിക്കാവുന്നത്. ബഹിരാകാശ മേഖല, ഇലക്ട്രോണിക്‌സ്, റോബോട്ടിക്‌സ്, വൈദ്യുതി, ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററി സാങ്കേതികവിദ്യ, വിദ്യാഭ്യാസം, മാലിന്യ സംസ്‌കരണം, കുടിവെള്ളം, നിര്‍മാണ മേഖല, കൃഷി, ഗതാഗതം തുടങ്ങിയ മേഖലകളിലായിരിക്കണം പദ്ധതികള്‍ സമര്‍പ്പിക്കേണ്ടത്. ഓരോരുത്തരും അതുവരെ ചെയ്തു പോന്ന തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളാണ് സമര്‍പ്പിക്കേണ്ടത്.
പദ്ധതിയുടെ നടത്തിപ്പിനായി സ്റ്റാര്‍ട്ടപ് മിഷനില്‍ ഒരു പ്രത്യേക വിഭാഗം തന്നെ ക്രമീകരിച്ചിട്ടുണ്ട്. രണ്ടാം അങ്കത്തിനു ബാല്യമുള്ള മുതിര്‍ന്ന സംരംഭകര്‍ക്ക് ആവശ്യമായ പരിശീലനം, സാമ്പത്തിക സഹായം, മാര്‍ഗനിര്‍ദേശം എന്നിവ ഈ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ക്രമീകരിക്കുക. ആദ്യ ഘട്ടത്തില്‍ അഞ്ചു കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി നീക്കിവച്ചിരിക്കുന്നത്. പരിശീലന പരിപാടികള്‍, സാമ്പത്തിക സഹായം, സാങ്കേതിക സഹായം, വിപണന സഹായം തുടങ്ങിയവയ്ക്കായി ഈ പണം വിനിയോഗിക്കും. പ്രതിമാസം ഇരുപത് പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ള ഫോലോഷിപ്പ് പദ്ധതിയും ഇതിന്റെ ഭാഗമാണ്. പന്ത്രണ്ടു മാസത്തേക്ക് ഇരുപതു ഫെലോകള്‍ക്ക് ഫെലോഷിപ്പ് അനുവദിക്കും. ഇവര്‍ക്ക് പ്രതിമാസം നല്‍കുന്നതിനായി അറുപതു ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
ന്യൂ ഇന്നിങ്‌സ് സ്‌കീമിന്റെ മറ്റൊരു പ്രവര്‍ത്തനമേഖലയാണ് വിസ്ഡം ബാങ്ക്. കേരളത്തിലെ വിരമിച്ച വിദഗ്ധരുടെയും പ്രഫഷണലുകളുടെയും അറിവും അനുഭവവും പുതുതലമുറയ്ക്കു ലഭ്യമാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക ഡയറക്ടറി രൂപത്തില്‍ പുറത്തിറക്കുന്നതായിരിക്കും. പുതിയ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇവരില്‍ നിന്നു മെന്ററിങ് സ്വീകരിക്കാന്‍ അവസരമൊരുക്കും.
വിരമിക്കലിനെ വിരാമമാക്കേണ്ട, തുടങ്ങിയാലോ ഒരു രണ്ടാം ഇന്നിങ്‌സ്

