തിരുവനന്തപുരം: മെസി ചതിച്ചാശാനേ എന്നു സര്‍ക്കാരിനെ മാധ്യമങ്ങളും പൊതുജനങ്ങളും ട്രോളുന്നതിനിടയില്‍ എതിര്‍ വിശദീകരണവുമായി സംസ്ഥാന സ്‌പോര്‍ട് വകുപ്പു മന്ത്രി വി അബ്ദുറഹിമാന്‍ തന്നെ രംഗത്തെത്തി. മെസിയുടെ കേരള സന്ദര്‍ശനവുമായി സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമൊന്നുമില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് കായിക മന്ത്രി. മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിട്ടത് ഗവണ്‍മെന്റല്ല, സ്‌പോണ്‍സര്‍ മാത്രമാണെന്നാണ് മന്ത്രിയുടെ വാദം. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവിയുടേതെന്ന പേരില്‍ പുറത്തു വന്ന ചാറ്റില്‍ വിശ്വാസ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള സര്‍ക്കാര്‍ കരാര്‍ ലംഘനം നടത്തിയതു കൊണ്ടാണ് മെസിയുടെ കേരള സന്ദര്‍ശനം മാറ്റിവച്ചതെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ മാര്‍ക്കറ്റിങ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ സ്പാനിഷ് ഭാഷയില്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തിയപ്പോഴാണ് പീറ്റേഴ്‌സന്‍ ആരോപണത്തിന്റെ വിശദാംശങ്ങളിലേക്കു കടന്നത്. എഎഫ്എ കേരളത്തില്‍ സ്‌പോണ്‍സറില്‍ നിന്ന് 130 കോടി രൂപ കൈപ്പറ്റിയിട്ട് മെസിയുടെ സന്ദര്‍ശനം ഉപേക്ഷിച്ചത് കരാര്‍ ലംഘനമല്ലേയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നു. എന്നാല്‍ അങ്ങനെയല്ലെന്നായിരുന്നു പീറ്റേഴ്‌സന്റെ മറുപടി. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം സന്നദ്ധത കാട്ടിയുമില്ല.
ഇതിനെക്കുറിച്ചു സംസ്ഥാന കായിക മന്ത്രിയുടെ മറുപടി ഇങ്ങനെ. ‘കേരളത്തിലേക്കുള്ള മെസിയുടെ വരവ് ഒരു ശരാശരി മലയാളി എന്ന നിലയ്ക്ക് ഞങ്ങള്‍ ആഗ്രഹിച്ചതാണ്. ഇന്ത്യയിലെ എല്ലാ ഫുട്‌ബോള്‍ ടീമിലും ഇപ്പോള്‍ മലയാളികളുണ്ട്. അതു വീണ്ടും ശക്തിപ്പെടുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. അതുകൊണ്ട് അവരെ കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞു. സ്‌പോണ്‍സര്‍ പണം അടച്ചു കഴിഞ്ഞു. ഇനി എന്താണ് ചെയ്യേണ്ടത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അങ്ങനെ നടന്നില്ലെങ്കില്‍ അതില്‍ നിന്നു ഞങ്ങള്‍ പിന്‍മാറും. കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സറാണ്.’ മന്ത്രി വിശദീകരിച്ചു.
മെസി ചതിച്ചതു തന്നെ-കായിക മന്ത്രി

