അശ്വതിച്ചേച്ചിമാര്‍ വാഴുന്ന സോഷ്യല്‍ മീഡിയ കണ്ണുമടച്ചു വിശ്വസിക്കരുതെന്ന് പോലീസ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ എഐയുടെ കൂത്തരങ്ങായി മാറിയിരിക്കുമ്പോള്‍ കണ്ണില്‍ കാണുന്ന പോസ്റ്റുകളെയെല്ലാം കണ്ണുമടച്ച് വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പോലീസ് ഇത്തരം വഴിതെറ്റിക്കുന്ന പോസ്റ്റുകള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കുന്നത്. ഏതു പോസ്റ്റിന്റെയായാലും ആധികാരികത ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ പ്രതികരിക്കാവൂ എന്ന് പോലീസ് കുറിച്ചിരിക്കുന്നു. അഞ്ചാം വയസില്‍ തന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിക്കടിയില്‍ പെട്ട് കാലുകള്‍ നഷ്ടമായ അശ്വതിച്ചേച്ചിയെ വിവാഹം കഴിക്കാന്‍ പോകുന്നതായി കാണിച്ച് ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പോലീസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം.

ഭർത്താവ് ഉപേക്ഷിച്ച വീട്ടമ്മയ്ക്കും, കൈ കാലില്ലാത്ത കുട്ടി വരച്ച ചിത്രത്തിനും ലൈക്കും കമന്റും കൊണ്ട് നിറയ്ക്കുന്ന പ്രിയപ്പെട്ടവർ അറിയാനാണ്. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇക്കാലത്ത് സോഷ്യൽ മീഡിയകളിലൂടെ നിങ്ങൾക്ക് മുന്നിലെത്തുന്നതിൽ ഭൂരിഭാഗവും. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകളും വ്യാപകമാകുകയാണ്. അതിനാൽ തന്നെ കരുതിയിരിക്കണം. നിങ്ങളുടെ പ്രതികരണം വിശ്വാസ്യതയും ആധികാരികതയും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാകട്ടെ.

നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വ്യാപകമായി ഓൺലൈൻ ഇടങ്ങളിൽ നിറയുകയാണ്. സ്വന്തം ചിത്രങ്ങൾ മനോഹരമാക്കാൻ എ ഐക്ക് നൽകുന്നവർ അറിഞ്ഞിരിക്കണം. ഭാവിയിൽ ഇത് നിങ്ങളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ 1930 എന്ന നമ്പറിലോ https://cybercrime.gov.in/ എന്ന റിപ്പോർട്ടിംഗ് പോർട്ടൽ വഴിയോ ഉടൻ ബന്ധപ്പെടുക.

നിർമ്മിത ബുദ്ധി ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുക.