കാലംമാറിയ കഥയറിയാതെ കടലാസില്‍ പേനയുന്തുകയാണ് പോലീസുകാര്‍

തിരുവനന്തപുരം: അനുദിനം വളരുന്ന സാങ്കേതിക വിദ്യ ഒരു ട്രാക്കിലും അതിനോട് ഒരുതരത്തിലും ചേരാത്ത നടപടിക്രമങ്ങളുമായി പോലീസ് മറ്റൊരു ട്രാക്കിലും ഓടുന്ന കാഴ്ചയാണ് കേരളത്തിലെങ്ങും കാണാനുള്ളത്. ഇന്നും തെളിവു ശേഖരണവും മഹസര്‍ തയാറാക്കലുമെല്ലാം കൈപ്പടയില്‍ മാത്രം ചെയ്യേണ്ട കാര്യമാണ് കേരള പോലീസില്‍. ഇക്കാര്യങ്ങളെല്ലാം ഡിജിറ്റലായി ചെയ്യാന്‍ പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ വ്യവസ്ഥയുള്ളപ്പോഴാണ് എന്നോ കാലഹരണപ്പെട്ട രീതികളുമായി കേരള പോലീസ് പോകുന്നത്.
ഇതു കാരണം കുറ്റകൃത്യമുണ്ടാകുന്ന സ്ഥലത്തെ സീന്‍ മഹസര്‍ കൈപ്പടയിലെഴുതുകയാണ് ചെയ്യുന്നത്. മൊഴിയെടുപ്പില്‍ ലഭിക്കുന്ന മൊഴികളും കൈപ്പടയിലെഴുതുക തന്നെ. അനേക മണിക്കൂറുകള്‍ ഇതിനായി വേണ്ടിവരുമെന്നു മാത്രമല്ല, ഇത്തരം രേഖകള്‍ കാലപ്പഴക്കത്തില്‍ നശിക്കാനും സാധ്യതയേറെ. എന്നാല്‍ അന്വേഷണ നടപടികള്‍ ഡിജിറ്റലാക്കിയാല്‍ സമയലാഭം മാത്രമല്ല ലഭിക്കുന്നത്. കോടതിയില്‍ കൂടുതല്‍ വിശ്വാസ്യതയും കിട്ടും.
ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശം പണ്ടേ പോലീസിന്റെ കൈവശമുള്ളതാണ്. ഏഴു വര്‍ഷത്തിലധികം ശിക്ഷ കിട്ടുന്ന കേസുകളില്‍ റെയ്ഡുകള്‍, ക്രൈംസീന്‍ മഹസര്‍, മൊഴികള്‍, തൊണ്ടി മുതലുകള്‍ എന്നിവയെല്ലാം വീഡിയോ, ഓഡിയോ ആയി രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പുതിയ ക്രിമിനല്‍ നിയമം അനുസരിച്ചാണെങ്കില്‍ ഡിജിറ്റല്‍ തെളിവുകള്‍ പ്രാഥമിക തെളിവുകളായി തന്നെയാണ് പരിഗണിക്കുന്നത്. ഗുരുതര കുറ്റങ്ങളില്‍ ക്രൈം സീനിന്റെ വീഡിയോ സൂക്ഷിക്കണമെന്നു നിയമം തന്നെയുള്ളതാണ്. സീന്‍ മഹസറിലെ വീഴ്ച കാരണം പ്രതികള്‍ തന്നെ രക്ഷപെട്ടിട്ടുള്ള സംഭവങ്ങള്‍ പോലുമുള്ളതാണ്. ഡിജിറ്റല്‍ തെളിവുകളും രേഖകളും സൂക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇ സാക്ഷ്യ എന്നൊരു സൗകര്യം തന്നെയൊരുക്കിയിട്ടുണ്ടെങ്കിലും കേരള പോലീസിന് ഇക്കാര്യത്തില്‍ ഇതുവരെ പരിശീലനം പോലും നല്‍കിയിട്ടില്ല.