എവിടെ നോക്കിയാലും ക്യൂആര്‍ കോഡ് പേമെന്റ്, ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെയെന്ന് കേരള പോലീസ്

തിരുവനന്തപുരം: ഡിജിറ്റലായി പേമെന്റുകള്‍ നടത്തുന്നവര്‍ക്ക് ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ് ക്യൂആര്‍ കോഡുകളുടെ സ്‌കാനിങ്ങ്. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലെയുള്ള പേമെന്റ് രീതികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും ക്യൂആര്‍ കോഡ് സ്‌കാനിങ് തന്നെയാണ്. വഴിവക്കില്‍ പഴങ്ങളും പച്ചക്കറികളുമൊക്കെയായി ഇരിക്കുന്ന വഴിയോരക്കച്ചവടക്കാര്‍ വരെ ഇപ്പോള്‍ ഡിജിറ്റലായി കഴിഞ്ഞു. എന്നു മാത്രമല്ല ഈ രീതിയുമായി സാധാരണ ജനങ്ങള്‍ വരെ പൊരുത്തപ്പെട്ടും കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണെന്ന് കേരള പോലീസ് മുന്നറിയിപ്പു നല്‍കുന്നു. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ആധുനികജീവിതത്തില്‍ ക്യൂആര്‍ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്.
– ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
– ഇമെയിലിലെയും എസ്എംഎസിലെ യും സംശയകരമായ ലിങ്കുകള്‍ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ ക്യൂആര്‍ കോഡുകള്‍ നയിക്കുന്ന യുആര്‍എലുകള്‍ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ അതിനു കഴിഞ്ഞേക്കും.
– ക്യൂആര്‍ കോഡ് സ്‌കാനര്‍ എപിപി സെറ്റിംഗ്‌സില്‍ ‘open URLs automatically’ എന്ന ഓപ്ഷന്‍ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഉചിതം.
– അറിയപ്പെടുന്ന സേവന ദാതാക്കളില്‍ നിന്ന് മാത്രം ക്യൂആര്‍ കോഡ് ജനറേറ്റ് ചെയ്യുക.
– ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാന്‍സാക്ഷന്‍ വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക.
– കസ്റ്റം ക്യൂആര്‍ കോഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക..
– ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതും ഉപകരണ നിര്‍മ്മാതാവ് നല്‍കുന്ന വിശ്വസനീയമായ ആപ്പുകള്‍ ഉപയോഗിക്കുക.
-ഏതൊരു ടെക്‌നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങള്‍ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതല്‍ കരുതലോടെ ഇവയെ സമീപിക്കാന്‍ സഹായിക്കും.