കോട്ടയം: രണ്ടെണ്ണം വീശി ട്രെയിനില്‍ കയറാനെത്തിയാല്‍ ഇനി പിടി വീഴും. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന മദ്യപ പരിശോധനയില്‍ പിടിയിലായത് പതിനഞ്ചു പേര്‍. കോട്ടയത്തു നിന്നു മദ്യപിച്ച ശേഷം തീവണ്ടിയില്‍ കയറിയ യുവാവ് കൊല്ലത്തിനും തിരുവനന്തപുരത്തിനും മധ്യേ യുവതിയെ ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്നാണ് മദ്യപാന പരിശോധന കര്‍ശനമാക്കിയത്. ബ്രത്ത് അനലൈസറുമായി പോലീസ് പ്ലാറ്റ്‌ഫോമുകളിലൂടെ നടന്ന് സംശയാസ്പദമായി കാണുന്നവരെയെല്ലാം പരിശോധനയ്ക്കു വിധേയമാക്കുകയാണ്.
മദ്യപിച്ച് യാത്ര ചെയ്യാനെത്തുന്നവരെ മാത്രമല്ല പിടികൂടുന്നത്, യാത്രയില്‍ മദ്യപിക്കുന്നതിനായി കോളയിലും വെള്ളത്തിലും മിക്‌സ് ചെയ്ത് കൈയില്‍ കരുതുന്നവരെയും പിടികൂടുന്നുണ്ട്. റെയില്‍വേ പോലീസുമായി ചേര്‍ന്നാണ് ലോക്കല്‍ പോലീസിന്റെ പരിശോധന. പിടി വീണാല്‍ കോടതിയില്‍ ഹാജരാക്കും, പിഴയും ഈടാക്കും. പതിനായിരം രൂപ വരെയാണ് പിഴയായി ഈടാക്കുന്നത്. യാത്ര മുടങ്ങുമെന്ന പ്രശ്‌നം ഇതിനു പുറമെ. കോടതിയില്‍ ഹാജരാക്കിയാല്‍ ജാമ്യമെടുക്കാന്‍ വേറെ ആളെത്തിയാല്‍ മാത്രമാണ് പുറത്തു വിടുന്നതെന്ന പ്രശ്‌നം ഇതിനെല്ലാം പുറമെയുണ്ട്.

