കേരളത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈനായാല്‍ മനസില്‍ ലഡു പൊട്ടേണ്ടത് പ്രവാസികള്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ബിരുദ, ബിരുദാനന്തര ബിരുദങ്ങളുടെ പരീക്ഷകള്‍ ഓണ്‍ലൈനാക്കി മാറ്റുന്നതിനുള്ള ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു സംസ്ഥാന നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. ഇങ്ങനെ സംഭവിക്കുന്ന പക്ഷം അതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുക പ്രവാസി മലയാളികള്‍ക്കായിരിക്കും. വിദൂര വിദ്യാഭ്യാസത്തിനു മാത്രമായി ഒരു സര്‍വകലാശാലയാണ് കേരളത്തിലുള്ളത്. ഇതില്‍ അല്ലെങ്കില്‍ ചേര്‍ന്നോ അല്ലെങ്കില്‍ പ്രൈവറ്റായി പഠിച്ചോ പരീക്ഷയ്ക്കു തയാറെടുക്കുകയാണെങ്കില്‍ പ്രവാസികള്‍ക്ക് അവര്‍ ആയിരിക്കുന്ന സ്ഥലത്തിരുന്ന് ഓണ്‍ലൈനായി പരീക്ഷയെഴുതാന്‍ അവസരം ലഭിച്ചേക്കും. ആകെ കൂടി അതിനു വേണ്ടിവരിക ഗവണ്‍മെന്റിന്റെ നയപരമായ തീരുമാനം മാത്രം. ലോക കേരള സഭയും മറ്റും വളരെ സജീവമായതിനാല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനു പ്രവാസികള്‍ക്കു സാധിക്കുകയും ചെയ്യും.