കൊച്ചി: തീരദേശ ഹൈവേയുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയെയും വൈപ്പിനെയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട ഇരട്ട തുരങ്കപ്പാതയുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ താല്പര്യപത്രം ക്ഷണിക്കുമെന്ന് കെ ജെ മാക്സി എംഎല്‍എ അറിയിച്ചു. കെ റെയില്‍ സമര്‍പ്പിച്ച സാധ്യതാപഠന റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംസ്ഥാന ഗതാഗത വകുപ്പ് നിര്‍ദേശം. 2672 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി ഡിസൈന്‍-ബില്‍ഡ്-ഫിനാന്‍സ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ മാതൃകയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും.
ആറു ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേയ്ക്ക് എറണാകുളം ജില്ലയില്‍ ചെല്ലാനം മുതല്‍ മുനമ്പം വരെ 48 കിലോമീറ്ററാണുള്ളത്. ഇരട്ട ടണലുകളില്‍ മൂന്നര മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡും നാലര മീറ്റര്‍ വീതിയില്‍ ഹൈവേയുമാണുള്ളത്. ഓരോ 250 മീറ്ററിലും എമര്‍ജന്‍സി സ്റ്റോപ്പ ബേ, അഞ്ഞൂറു മീറ്ററിലും യാത്രക്കാര്‍ക്കുള്ള വെന്റിലേഷനോടു കൂടിയ എമര്‍ജിന്‍സി എക്സിറ്റ് എന്നിവയുണ്ടാകും. കപ്പല്‍ ചാലിനു കുറുകെയായിരിക്കും തുരങ്കം വരിക. 35 മീറ്റര്‍ ആഴത്തില്‍ നിര്‍മിക്കാനാണ് ആലോചിക്കുന്നത്.

