പൂജയെടുപ്പ് കഴിഞ്ഞ് നറുക്കെടുപ്പ്, തിരുവോണക്കോടികള്‍ക്ക് കാത്തിരിപ്പ് നീളും

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു. തിരുവോണം കഴിഞ്ഞ് കൃത്യം ഒരു മാസം തികയുന്ന ഒക്ടോബര്‍ നാലിലേക്കാണ് നിലവില്‍ നറുക്കെടുപ്പ് മാറ്റിവച്ചിരിക്കുന്നത്. അതായത് നവരാത്രിയും പൂജയും കഴിഞ്ഞു മാത്രമായിരിക്കും തിരുവോണം ബമ്പര്‍ നറുക്കെടുക്കുക. ജിഎസ്ടിയിലെ മാറ്റവും കനത്ത മഴമൂലം ടിക്കറ്റ് വില്‍പന വേണ്ടരീതിയില്‍ നടക്കാതെ പോയതും മൂലം നറുക്കെടുപ്പ് മാറ്റിവയ്ക്കുന്നുവെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഇന്നുച്ചയ്ക്ക് നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഈ വര്‍ഷത്തെ തിരുവോണം ബമ്പറിനായി എഴുപത്തഞ്ചു ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. ഇവ മുഴുവന്‍ ലോട്ടറി വകുപ്പില്‍ നിന്ന് ഏജന്റുമാര്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏജന്റുമാര്‍ക്ക് ഉദ്ദേശിച്ച രീതിയില്‍ ടിക്കറ്റ് മുഴുവന്‍ വില്‍ക്കാന്‍ സാധിക്കാത്തതു മൂലമുണ്ടായ പ്രതിസന്ധിയാണ് നറുക്കെടുപ്പ് മാറ്റിവയ്ക്കാനുള്ള കാരണമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തവണയും ബമ്പറിന്റെ ഒന്നാം സമ്മാനം ഇരുപത്തഞ്ച് കോടി രൂപ തന്നെയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഇരുപതു പേര്‍ക്കും മൂന്നാം സമ്മാനമായി അരക്കോടി രൂപവീതം ഇരുപതു പേര്‍ക്കും ലഭിക്കുന്ന വിധത്തിലാണ് സമ്മാനഘടന നിശ്ചയിച്ചിരിക്കുന്നത്. ആകെ പത്തു പരമ്പരകളിലാണ് ടിക്കറ്റുകളുള്ളത്.