കാണം വിറ്റും കുപ്പിയോണം കുടിക്കണം എന്ന നിലയിലേക്കോ കേരളം, കണക്കുകളിതാ

തിരുവനന്തപുരം: ഏതൊക്കെ രാസലഹരി വന്നാലും വിട്ടുകൊടുക്കാതെ മുന്നേറുകയാണു കുപ്പിലഹരിയെന്ന് ഈ ഓണക്കാലത്തെ മദ്യവില്‍പനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാസലഹരിയുടെ കാര്യത്തില്‍ കണക്കുകളൊന്നും ലഭ്യമല്ല, അനുമാനങ്ങളേയുള്ളൂ. കുപ്പിലഹരിയുടെ കാര്യത്തിലാണെങ്കില്‍ കൃത്യമായ കണക്കും കാര്യങ്ങളുമുണ്ട്. അത്തം മുതല്‍ തിരുവോണത്തലേന്നു വരെയുള്ള ഒമ്പതുദിവസത്തെ വില്‍പനക്കണക്കു പുറത്തു വരുമ്പോള്‍ നാളിതു വരെയുള്ള കണക്കുകളെല്ലാം പിന്നിലേക്കു വലിച്ചെറിയുന്ന കുപ്പികള്‍ പൊട്ടിയുടയുന്നതു പോലെ പൊട്ടിത്തകര്‍ന്നു പോകുന്ന കാഴ്ചയാണ് കാണുന്നത്. സംസ്ഥാനം കുടിയന്‍മാരോടു നന്ദി പറഞ്ഞേ മതിയാകൂ. തിരുവോണക്കച്ചവടമായി നടന്നിരിക്കുന്നത് 826.38 കോടി രൂപയുടെ കച്ചവടമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടന്ന കച്ചവടത്തെക്കാള്‍ അമ്പതു കോടി രൂപയുടെ അധിക കച്ചവടമാണ് ഇക്കൊല്ലം നടന്നത്. സംസ്ഥാനത്തെ ആറ് ഔട്‌ലെറ്റുകളില്‍ ഒരു കോടിയിലധികം രൂപയുടെ കച്ചവടം നടക്കുകയും ചെയ്തിട്ടുണ്ട്.
തിരുവോണത്തലേന്നായി ഉത്രാടത്തിന്റെയന്നു മാത്രം നടന്നത് 137 കോടി രൂപയുടെ കച്ചവടമാണ്. അതിലും കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പിന്നിലായിപ്പോയി. കഴിഞ്ഞ വര്‍ഷം നടന്നത് 126 കോടി രൂപയുടെ കച്ചവടം മാത്രം. ഓരോ ഔട്ട്‌ലെറ്റായി കണക്കിലെടുത്താല്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്‌ലറ്റ് കിരീടം കാത്തു. ഇക്കുറി കരസ്ഥമാക്കിയത് 1.46 കോടി രൂപയുടെ കച്ചവടം. എന്നാല്‍ കൊല്ലം ജില്ലയില്‍ നിന്നു തന്നെ ഒരു എതിരാളി വളര്‍ന്നു വരുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ് ആശ്രാമം ഔട്ട്‌ലറ്റിന്റെ കച്ചവടം. രണ്ടാം സ്ഥാനത്ത് വന്ന ആശ്രാമം വിറ്റത് 1.23 കോടി രൂപയുടെ മദ്യം. മൂന്നാം സ്ഥാനത്ത് മലപ്പുറം ജില്ലയിലെ എടപ്പാള്‍ ഔട്ട്‌ലറ്റ് സ്ഥാനം പിടിച്ചു. ആകെ വിറ്റത് 1.1 കോടി രൂപയുടെ മദ്യം.