തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുന്നു. പ്രത്യേകമായി വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി. ചട്ടം 300 പ്രകാരമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ഈ അവകാശവാദം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമസഭാ സമ്മേളനം ചേര്‍ന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
കേരളം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനവും പ്രസംഗവും നടത്തിയത്. പ്രതിപക്ഷ ബഹിഷ്‌കരണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് മന്ത്രി എം ബി രാജേഷും പ്രസംഗിച്ചു. വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന പൊതു സമ്മേളനത്തില്‍ ജനങ്ങള്‍ക്കു മുമ്പാകെയും മുഖ്യമന്ത്രി അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം നടത്തി. ഈ സമ്മേളനത്തില്‍ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മമ്മൂട്ടി മാത്രമാണെത്തിയത്.

