കോക്കും പെപ്‌സിയും പോലെ കള്ള്, ഒന്നു മിനുങ്ങിയാലോ, സംഗതി വരും കേട്ടോ

തിരുവനന്തപുരം: കോക്കകോള പോലെയോ സംഭാരം പോലെയോ കുപ്പിയില്‍ വില്‍ക്കാന്‍ വയ്ക്കുകയും വാങ്ങി വീട്ടില്‍ കൊണ്ടുപോയി കുടിക്കുകയും ചെയ്യാവുന്ന അവസ്ഥയില്‍ ഇത്തിരി കള്ള് കിട്ടിയാല്‍ എങ്ങനുണ്ടായിരിക്കും. സംഗതി പൊളിക്കും. ഇതേ കണക്കുകൂട്ടലിലാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കേരള കള്ളു വ്യവസായ വികസന ബോര്‍ഡ്. കുപ്പിക്കള്ള് മാര്‍ക്കറ്റില്‍ ഇറങ്ങിയിട്ടില്ലെങ്കിലും അതിനു പേരിട്ടു കഴിഞ്ഞിട്ടുണ്ട്. കെ. ടോഡി.
പൊതു-സ്വകാര്യ കൂട്ടുസംരംഭമായി പദ്ധതി പാളത്തില്‍ കയറ്റാനാണ് തീരുമാനം. ഇതിനായി താല്‍പര്യപത്രങ്ങള്‍ ക്ഷണിച്ചിരിക്കുകയാണ് ബോര്‍ഡ്. ഒക്ടോബര്‍ 31 വരെ നാട്ടിലോ വിദേശത്തോ ഉള്ള ആര്‍ക്കും താല്‍പര്യപത്രം സമര്‍പ്പിക്കാം. ഇതുവരെ ആരും താല്‍പര്യപത്രവുമായി വന്നിട്ടില്ലെങ്കിലും ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ഈ സര്‍ക്കാര്‍ സ്ഥാപനം.
ഇതിനുള്ള ഏറ്റവും വലിയ പ്രതിസന്ധി രുചിവ്യത്യാസം വരാതെ കള്ളു സൂക്ഷിക്കുക എന്നതാണ്. കാരണം കള്ളിനെ കള്ളാക്കുന്നത് അതിലെ സൂക്ഷ്മജീവികളാണ്. അവയാണ് കള്ളിനു നുരയും വീര്യവും നല്കുന്നത്. എന്നാല്‍ അവയുടെ പ്രവര്‍ത്തനം ഒരു നിശ്ചിത കാലയളവു വരെ മാത്രമേയുണ്ടാകൂ. അതിനകം അവ ഉള്ളില്‍ ചെന്നിരിക്കണം. അല്ലാത്ത പക്ഷം കള്ള് വിനാഗിരിയായി മാറും. വിദേശത്ത് ഇക്കാര്യത്തില്‍ ഫലപ്രദമായ സാങ്കേതിക വിദ്യകള്‍ ലഭ്യമായിരിക്കുമെന്ന പ്രതീക്ഷയാണ് ബോര്‍ഡിനുള്ളത്. അതിനാലാണ് വിദേശത്തു നിന്നും സംരംഭകരെ തേടുന്നതും.
കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ നാളികേര വികസന ബോര്‍ഡ് നേരത്തെ മധുരക്കള്ള് നീര എന്ന പേരില്‍ പായ്ക്കറ്റിലും ടെട്രപായ്ക്കിലും വിപണിയില്‍ ഇറക്കിയിരുന്നു. അതിന് നല്ല സ്വീകരണമാണ് ജനങ്ങളില്‍ നിന്നു ലഭിച്ചത്. എന്നാല്‍ ഉല്‍പാദനവും വിപണനവും സഹകരണ മാതൃകയിലുള്ള നാളികേര കമ്പനികള്‍ വഴിയായിരുന്നതിനാല്‍ അതു ക്ലച്ച് പിടിക്കാതെ പോയതാണ്. സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത് മധുരക്കള്ള് അല്ല, സാക്ഷാല്‍ സൊയമ്പന്‍ കള്ളു തന്നെ കുപ്പിയില്‍ ഇറക്കാനാണെന്നു മാത്രം.