കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നെതിരേ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബഞ്ച് നടപടി ഡിവിഷന് ബഞ്ചും ശരിവച്ചു. സംസ്ഥാന സര്‍ക്കാരിനുള്ള വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ വിധി. ഇതോടെ കമ്മീഷന് നിയമനത്തിനുള്ള സ്റ്റേ തുടരും. സ്വര്‍ണക്കടത്ത് കേസ് നിലനില്‍ക്കുന്ന കാലത്തോളം ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു ഈ കേസില്‍ ഇഡിയുടെ ആവശ്യം. 1952ലെ കമ്മീഷന് ഓഫ് എന്‍ക്വയറി ആക്ട് അനുസരിച്ച് കേന്ദ്ര ഏജന്‍സിക്കെതിരേ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഇഡി കോടതിയില്‍ വാദിച്ചു. അതിനാല്‍ കമ്മീഷനെ നിയോഗിച്ച സംസ്ഥാന ഗവണ്മെന്റിന്റെ തീരുമാനം അധികാര ദുര്‍വിനിയോഗമാണെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇതാണിപ്പോള്‍ ഡിവിഷന് ബഞ്ച് ശരിവച്ചിരിക്കുന്നത്.
ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഇഡിയായിരുന്നു സിംഗിള്‍ ബഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അതിലാണ് ഇഡിക്കനുകൂലമായ വിധി വന്നിരുന്നത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇപ്പോള്‍ ഡിവിഷന് ബഞ്ചും തള്ളിയിരിക്കുകയാണ്. ഇനി സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ആരായുന്നത്.
സ്വര്‍ണക്കടത്ത് അന്വേഷണത്തിന് ചെക്ക്വച്ച കമ്മീഷനെ വീണ്ടും പൂട്ടി കോടതി

