കൊച്ചി: ആദ്യ വിവാഹബന്ധം വേര്‍പെടുത്താത്ത മുസ്ലിം പുരുഷന്മാരുടെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതപത്രം നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി. ആദ്യ ഭാര്യ ഇപ്രകാരം സമ്മതപത്രം ഹാജരാക്കാത്ത സാഹചര്യത്തില്‍ രണ്ടാം വിവാഹത്തിന് രജിസ്ട്രേഷന് അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവായി. രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് ബന്ധപ്പെട്ട അധികൃതര്‍ ആദ്യഭാര്യയെ ക്ഷണിച്ചുവരുത്തി മൊഴിയെടുത്തിരിക്കണം. ആദ്യ ഭാര്യയെ നിശബ്ദ സാക്ഷിയാക്കി മാറ്റാന്‍ അനുവദിക്കരുത്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള നടപടിക്രമങ്ങളില്‍ മതനിയമങ്ങളല്ല, ഭരണഘടനയാണ് മുകളില്‍ വരേണ്ടതെന്ന് കോടതി വ്യക്തമാക്കി.
രണ്ടാം വിവാഹത്തിന് രജിസ്ട്രേഷന് നിഷേധിച്ച പഞ്ചായത്തിനെതിരേ കണ്ണൂര്‍ കരുമത്തൂര്‍ മുഹമ്മദ് ഷരീഫ്, രണ്ടാം ഭാര്യ കാസര്‍കോട് പൊറവപ്പാട് ആബിദ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഏറെ പ്രാധാന്യമുള്ള വിധിന്യായം വന്നിരിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2017ലായിരുന്നു ഹര്‍ജിക്കാര്‍ രണ്ടാം വിവാഹം മതാചാരപ്രകാരം നടത്തിയത്. ആദ്യഭാര്യയെ തലാക്ക് ചൊല്ലിയതിനു ശേഷമായിരുന്നു മുഹമ്മദ് ഷരീഫിന്റെ രണ്ടാം വിവാഹം. ആദ്യ വിവാഹം നിയമപ്രകാരം വേര്പെടുത്തിയിരുന്നതുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി വിവാഹ രജിസ്ട്രേഷന് നിഷേധിച്ചത്.
രണ്ടാം വിവാഹത്തിന് രജിസ്ട്രേഷന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്ജിക്കാരന് വീണ്ടും പഞ്ചായത്തില്‍ അപേക്ഷ നല്‍കാമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ രജിസ്ട്രേഷന് അനുവദിക്കുന്നതിനു മുമ്പ് ആദ്യഭാര്യയെ വിളിച്ചുവരുത്തി പഞ്ചായത്ത് സെക്രട്ടറി സമ്മതം ആരായണം. സമ്മതം നല്കുന്നുവെങ്കില് രണ്ടാം വിവാഹത്തിനു രജിസ്ട്രേഷന് അനുവദിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇപ്രകാരം സമ്മതം ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു.

