കൊച്ചി: സൂപ്പര്‍ താരം മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് പിടിച്ച കേസില്‍ വനംവകുപ്പിനു തിരിച്ചടിയായി ഹൈക്കോടതിയുടെ നിര്‍ണായക നീക്കം. ആനക്കൊമ്പിന്റെ ഉടമസ്ഥതാവകാശം നടന്‍ മോഹന്‍ലാലിനു തിരികെ നല്‍കിയ വനംവകുപ്പ് നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നു കാട്ടി ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പ് പുതിയ വിജ്ഞാപനം ഇതു സംബന്ധിച്ച് പുറത്തിറക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയും ചെയ്തു.
എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ 2011 ഡിസംബറില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് രണ്ട് ജോടി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് 2015ല്‍ ആനക്കൊമ്പുകള്‍ ഡിക്ലയര്‍ ചെയ്യാന്‍ മോഹന്‍ലാലിനു സര്‍ക്കാര്‍ അവസരം നല്‍കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പിറ്റേവര്‍ഷം ജനുവരി 16ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആനക്കൊമ്പിന്റെ ഉടമസ്ഥത മോഹന്‍ലാലിനു തിരികെ നല്‍കുകയും ചെയ്തിരുന്നു.
ആനക്കൊമ്പ് കേസില്‍ സര്‍ക്കാര്‍ ആദ്യം എടുത്തിരുന്ന കേസ് പിന്നീട് പെരുമ്പാവൂര്‍ കോടതി റദ്ദാക്കിയിരുന്നു. അ നടപടിയാണിപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ രണ്ടാമതൊരിക്കല്‍ കൂടി കേസ് രജിസ്റ്റര്‍ ചെയ്യേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

