ഷാപ്പിനു ഷാപ്പായാല്‍ മതിയെന്ന്, സ്റ്റാറാക്കാന്‍ തുടങ്ങിയ പദ്ധതി പെരുവഴിയാധാരം

തിരുവനന്തപുരം: സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയതാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ റസ്‌റ്റോറന്റുകള്‍ക്കൊപ്പം കള്ളുഷാപ്പ് എന്ന ആശയം. പക്ഷേ ചെത്തിയൊരുക്കിയിട്ടും കള്ളുകിട്ടാത്ത തെങ്ങിന്‍ പൂക്കുല പോലെയായിരിക്കുകയാണ് ഈ പദ്ധതി. ഇതുവരെ അപേക്ഷിച്ചത് രണ്ടേ രണ്ടു പേര്‍. രണ്ട് അപേക്ഷകരും വന്നിരിക്കുന്നത് എറണാകുളം ജില്ലയില്‍ നിന്ന്. സെപ്റ്റംബര്‍ മുപ്പതാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അതിനകം കൂടുതല്‍ ആള്‍ക്കാര്‍ വരുമെന്ന് അധികൃതര്‍ക്കു പ്രതീക്ഷയൊന്നുമില്ല. ബിയര്‍ പാര്‍ലറുകള്‍ തുറക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള ഏതു ടൂറിസ്റ്റ് കേന്ദ്രത്തിലും റസ്റ്റോറന്റ് കം ടോഡി പാര്‍ലര്‍ തുറക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ചത് ജൂലൈ 21നായിരുന്നു. വലിയ പ്രതികരണമായിരുന്നു ടൂറിസം മേഖലയില്‍ നിന്നു പ്രതീക്ഷിച്ചത്. റസ്റ്റോറന്റുകള്‍ക്കു വേണ്ടി ടൂറിസം വകുപ്പ് നിശ്ചയിച്ചിരുന്ന സ്റ്റാര്‍ മാനദണ്ഡങ്ങള്‍ തന്നെയായിരുന്നു ഷാപ്പുകള്‍ക്കും ബാധകമാക്കിയിരുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമൊക്കെ അപേക്ഷിക്കാമായിരുന്നെങ്കിലും ആകെ കൂടി രണ്ടേരണ്ടു വ്യക്തികള്‍ക്കു മാത്രമാണ് ഇക്കാര്യത്തില്‍ താല്‍പര്യം തോന്നിയത്. കള്ള് ദൈവത്തിന്റെ സ്വന്തം നാടിന്റെ പാനീയം എന്ന ടാഗ് ലൈന്‍ പ്രൊമോട്ട് ചെയ്യുക, കള്ളിനെ ആരോഗ്യ പാനീയമായി അവതരിപ്പിക്കുക തുടങ്ങിയ വന്‍ ലക്ഷ്യങ്ങളൊക്കെയായിരുന്നു ഈ നീക്കത്തിനു പിന്നിലെങ്കിലും എല്ലാം പാളിയിരിക്കുകയാണ്.