തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനപ്രിയ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക ക്ഷേമ പെന്‍ഷനുകളില്‍ വരുത്തിയ വര്‍ധനവാണ് ഇതില്‍ പ്രധാനം. നിലവില്‍ 1600 രൂപയായിരുന്ന പെന്‍ഷനുകള്‍ രണ്ടായിരം രൂപയാക്കിയാണ് പുതിയ പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുള്‍പ്പെടെയുള്ള ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതിനൊപ്പം സ്ത്രീകള്‍ക്കായി പ്രത്യേക പെന്‍ഷന്‍ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു നല്‍കുന്നതിനായി 3800 കോടി രൂപയായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുക. മറ്റൊരു പദ്ധതിയുടെ പ്രയോജനവും ലഭിക്കാത്തതും മുപ്പത്തഞ്ചു മുതല്‍ അറുപതു വയസു വരെ പ്രായവുമുള്ള സ്ത്രീകള്‍ക്കായിരിക്കും ആയിരം രൂപ വീതം പെന്‍ഷനായി അനുവദിക്കുക. 33 ലക്ഷം സ്ത്രീകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇതിനൊപ്പം സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയവും ഉയര്‍ത്തിയിട്ടുണ്ട്. ആയിരം രൂപയുടെ വര്‍ധനയാണ് ഓണറേറിയത്തിലുണ്ടാകുക. യുവാക്കള്‍ക്കായി പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതിയും മുഖ്യമന്ത്രി അവതരിപ്പിച്ചു. പ്രതിമാസം ആയിരം രൂപ വീതം വിദ്യാര്‍ഥികള്‍ക്കു ലഭിക്കും. ഇതിനൊപ്പം കുടുംബശ്രീയുടെ എഡിഎസ് യൂണിറ്റുകള്‍ക്ക് ആയിരം രൂപ വീതം നല്‍കുന്ന പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, ഡിആര്‍ കുടിശികയുടെ രണ്ടു ഗഡുവും അനുവദിച്ചിട്ടുണ്ട്.
നെല്ല്, റബര്‍ തുടങ്ങിയ കാര്‍ഷിക വിളകളുടെ താങ്ങുവിലയിലും വര്‍ധന. നെല്ലിന്റെ താങ്ങുവില കിലോഗ്രാമിന് മുപ്പതു രൂപയായുേം റബറിന്റെ താങ്ങുവില 200 രൂപയായുമാണ് ഉയര്‍ത്തിയത്.

