രണ്ടു വയസിനു താഴെ ചുമമരുന്നേയില്ല, രണ്ടു കഴിഞ്ഞാലും കുറിപ്പടി നിര്‍ബന്ധം

തിരുവനന്തപുരം: കഫ് സിറപ്പ് വില്‍പനയ്ക്ക് കേരളത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഇതു സംബന്ധിച്ച് അടിയന്തര സ്വാഭാവമുള്ള സര്‍ക്കുലര്‍ ഇന്നലെ പുറത്തിറങ്ങി. മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഒരു ഡസനിലധികം കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായ കോള്‍ഡ്രിഫ് കഫ്‌സിറപ്പ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വില്‍പന നിരോധിച്ചിരുന്നതാണ്. ഇതിനു പുറമെയാണ് ഇന്നലെ പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഇതനുസരിച്ച് രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ചുമമരുന്നുകള്‍ നല്‍കാനേ പാടില്ല. രണ്ടു വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ചുമമരുന്നു വേണ്ടതെങ്കില്‍ അതിനു യോഗ്യരായ ഡോക്ടര്‍മാരുടെ കുറിപ്പടി നിര്‍ബന്ധവുമാക്കി. ഇതോടൊപ്പം സംസ്ഥാനത്ത് വില്‍പനയിലുള്ള എല്ലാ ചുമമരുന്നുകളിലും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.
മധ്യപ്രദേശിലും മറ്റും മരണകാരിയായി മാറിയ കഫ്‌സിറപ്പിന്റെ സാമ്പിളുകള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ആകെ 170 ബോട്ടിലുകള്‍ ശേഖരിച്ചു. ഇവ ഗുണനിലവാര പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു.