തിരുവനന്തപുരം: കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്കരണം (എസ്ഐആര്‍) ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പ്രശസ്ത സിനിമ നടന് മധുവിന്റെ വീട്ടിലെത്തി എന്യുമറേഷന് ഫോം കൈമാറി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍കര്‍ നിര്‍വഹിച്ചിരുന്നു. ഇന്നലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളില്‍ നേരിട്ടെത്തി ഫോം കൈമാറിത്തുടങ്ങി.
ജനങ്ങളില്‍ നിന്ന് മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ ഫോം പൂരിപ്പിക്കല്‍ മുപ്പതു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്നും രത്തന്‍ ഖേല്‍കര്‍ വെളിപ്പെടുത്തി. അര്‍ഹരായ എല്ലാവരും അവസാന വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുമെന്നും സംശയങ്ങളും ആക്ഷേപങ്ങളും അപ്പപ്പോള്‍ തന്നെ പരിഹരിച്ചു മുന്നോട്ടു പോകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ഓണ്‍ലൈനായി ചേര്‍ന്ന യോഗം പ്രധാനമായും വോട്ടര്‍ പട്ടിക പരിഷ്കരണ കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളും ആശങ്കകളും മനസിലാക്കുന്നതിനാണ് പ്രാധാന്യം നല്‍കിയതെന്നാണ് അറിയുന്നത്.

