കെന്‍ വീക്‌സിനു പിറന്നാള്‍, ബെര്‍ത്ത്‌ഡേ ബേബിക്കു പ്രായമെത്രയെന്നോ, വെറും 112

നോര്‍ത്ത് കോസ്റ്റ്: എന്‍എസ്ഡബ്ല്യു നോര്‍ത്ത് കോസ്റ്റില്‍ ഇന്നലെയൊരു പിറന്നാളാഘോഷമായിരുന്നു, വെറമൊരു പിറന്നാളാഘോഷം എന്നിതിനെ വിളിക്കാന്‍ വരട്ടെ, രണ്ടു ലോക മഹായുദ്ധങ്ങളും അഞ്ചു ലോക മഹാമാരികളും കണ്ടൊരു മനുഷ്യന്റെ പിറന്നാള്‍. നൂറ്റി പന്ത്രണ്ടു വര്‍ഷമായി ഈ ലോകത്ത് പിറന്നാള്‍ ആഘോഷിച്ചുകൊണ്ടേയിരിക്കുകയാണ് കെന്‍ വീക്‌സ് എന്ന ഓസീസ് അത്ഭൂതം. ലോകത്ത് ഇന്നുവരെയുള്ള അറിയപ്പെടുന്ന രേഖകളിലൊന്നും ഇത്രയും പിറന്നാളുകള്‍ ആഘോഷിച്ച രണ്ടാമതൊരു ഓസ്‌ട്രേലിയക്കാരനില്ല. 1913 ഒക്ടോബര്‍ അഞ്ചിനാണ് കെന്‍ വീക്‌സിന്റെ ജനനം. ഒരു നൂറ്റാണ്ടു മുഴുവന്‍ കണ്ടു കഴിഞ്ഞു, ഇപ്പോഴും പുത്തനാണ്ടുകള്‍ കണ്ടുകൊണ്ടേയിരിക്കുന്നു.
നൂറു വയസു പിന്നിടുമ്പോഴും വീക്‌സ് മാര്‍ക്കറ്റിലേക്കും മറ്റും പോകുന്നത് നടന്നായിരുന്നു. സജീവമായി ഷോപ്പിങ്ങും മറ്റും നടത്തുകയും ചെയ്യുമായിരുന്നു. നൂറു പിന്നിട്ടപ്പോഴും സഞ്ചാരത്തിന് ആരുടെയും സഹായം തേടാതെ ഒരു ട്രൈസിക്കിളില്‍ പോകുമായിരുന്നു. ഇപ്പോഴാണെങ്കിലും വീടിനു ചുറ്റിലും തൊടിയിലുമായി നടന്നു തന്നെ സ്വന്തം ആരോഗ്യം കാക്കുന്നു. എല്ലാവരുമായും സദാ സമ്പര്‍ക്കത്തില്‍ കഴിയുന്നുവെന്നു മാത്രമല്ല, വീട്ടിലും ചുറ്റുവട്ടത്തുമൊക്കെ നടക്കുന്ന കാര്യങ്ങളെപ്പറ്റി നല്ല ഗ്രാഹ്യത്തോടെയാണ് ജീവിക്കുന്നതും.
മുത്തച്ഛനെക്കുറിച്ചു പറയുമ്പോള്‍ കൊച്ചുമകള്‍ യൂനിസിനു നൂറു നാവാണ്. ഉറച്ച നിശ്ചയദാര്‍ഢ്യം, സത്യസന്ധത, പ്രത്യാശ, പ്രചോദനം ഇതൊക്കെയാണ് തന്റെ അപ്പൂപ്പനെന്ന് അവര്‍ പറയുന്നു. ഉറച്ച ദൈവവിശ്വാസിയുമാണ് വീക്‌സ്.
വളരെ കര്‍മനിരതമായ ജീവിതമായിരുന്നു വീക്‌സിന്റേത്. നിരവധി മേഖലകളിലാണ് അദ്ദേഹം കൈവച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് റോയല്‍ എയര്‍ഫോഴ്‌സില്‍ ജോലിക്ക് അപേക്ഷിക്കുക പോലും ചെയ്തിട്ടുണ്ട്. റോഡ് നിര്‍മാണം, ട്രക്ക് ഡ്രൈവര്‍, കാര്‍ ഡീലര്‍ എന്നിങ്ങനെ വ്യത്യസ്ത തൊഴില്‍ മേഖലകളിലായിരുന്നു ചെറുപ്പകാലം ചെലവഴിച്ചത്. അറുപത്തഞ്ചു വര്‍ഷം ജീവിച്ചത് ഒരേ വീട്ടില്‍ തന്നെ. 105 വയസു പിന്നിടുമ്പോഴാണ് ഇപ്പോഴത്തെ കെയര്‍ ഹോമിലേക്കു മാറുന്നത്.