കാടാണ്, ഒഴുകി നടക്കുകയാണ്

പലതരം ദേശീയോദ്യാനങ്ങളെക്കുറിച്ച് കേട്ടിരിക്കുന്നവര്‍ പോലും ഇന്നോളം കേട്ടിട്ടില്ലാത്തതും കേട്ടാല്‍ തന്നെ വിശ്വസിക്കാന്‍ സാധ്യതയില്ലാത്തതുമായൊരു ദേശീയോദ്യാനത്തെക്കുറിച്ചു പറയാം. അത് ഒഴുകി നടക്കുന്ന ദേശീയോദ്യാനമാണ്. അങ്ങനെ ഒരേയൊരണ്ണമേ നമ്മുടെ ഭൂഗോളത്തിലുള്ളൂ, അതു നമ്മുടെ ഇന്ത്യയിലുമാണ്. മണിപ്പൂരിലെ ലോക്തക്ക് തടാകത്തില്‍ സ്ഥിതി ചെയ്യുന്ന കെയ്ബുള്‍ ലംജാവോ നാഷണല്‍ പാര്‍ക്കാണ് ലോകത്തിലെ ഏക ഒഴുകുന്ന ദേശീയോദ്യാനം.
ഇതിന്റെ പകുതി വനമാണെങ്കില്‍ പകുതി ജലാശയമാണ്. വല്ലാത്തൊരു കോംബിനേഷന്‍ അല്ലേ. ഈ വിസ്മയ വനം യുനെസ്‌കോയുടെ താല്‍ക്കാലിക പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുമുണ്ട്. കെയ്ബുള്‍ ലംജാവോ വല്ലാത്തൊരു നിര്‍മിതിയാണ്. ലോക്തക് തടാകത്തില്‍ ഒഴുകി നടക്കുന്ന അഴുകിയ സസ്യങ്ങളുടെ കൂട്ടം കൊണ്ടാണിതു രൂപപ്പെട്ടിരിക്കുന്നത്. അങ്ങനെ വേരിന്റെ പിടുത്തമില്ലാത്തതിനാല്‍ ഒഴുകി നടക്കുന്നു. എന്നാല്‍ സസ്യജാലങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ വനവുമാണ്. അതുകൊണ്ടാണിതിനെ ഒഴുകുന്ന വനമെന്നു വിളിക്കുന്നത്. അഴുകിയ സസ്യങ്ങളുടെ കൂട്ടത്തെ വിളിക്കുന്ന പേര് ഫുംഡികള്‍ എന്നാണ്. പുല്ലും ജൈവാവശിഷ്ടങ്ങളും കൊണ്ടു തീര്‍ത്തിരിക്കുന്ന ഈ തറയുടെ മുകളില്‍ പലതരത്തിലുള്ള സസ്യങ്ങള്‍ വളര്‍ന്നു നില്‍ക്കുകയാണ്.
ഈ ദേശീയോദ്യാനത്തിനു വേറെയുമുണ്ട് പ്രത്യേകത. നൃത്തം ചെയ്യുന്ന മാനുകളുടെ ആവാസസ്ഥലം കൂടിയാണിത്. എല്‍ഡ്‌സ് ഡിയര്‍ എന്നു വിളിക്കുന്ന മാനുകളുടെ നടപ്പാണ് അവയെ നൃത്തം ചെയ്യുന്ന മാനുകളെന്നു വിളിക്കാനുള്ള കാരണം. ശരിക്കുള്ള നാടന്‍ പേര് സംഗായി. ബാലെ നര്‍ത്തകന്‍ ചുവടു വയ്ക്കുന്നതു പോലെ അല്‍പം ഇളകിയാണ് ഇവയുടെ നടപ്പ്. ബാലെയുടെ ചുവടുകളോടുള്ള സാമ്യമാണിതിന് നര്‍ത്തകനെന്ന പേര് സമ്മാനിച്ചത്. ഇതിന്റെ കൊമ്പുകളും കുളമ്പുകളുമാണ് ഏറ്റവും കമനീയം. പക്ഷേ, ഇവ വംശനാശ ഭീഷണി നേരിടുകയാണെന്നു മാത്രം.
കാട്ടുപന്നി, വെരുക്, കാട്ടുപൂച്ച, ഗോള്‍ഡന്‍ ക്യാറ്റ് തുടങ്ങിയ സസ്തനികളും മൂര്‍ഖന്‍, ശംഖുവരയന്‍ പെരുമ്പാമ്പ് തുടങ്ങിയ ഉരഗങ്ങളുമെല്ലാം ഇവിടെ വ്യത്യസ്തമായ സസ്യ സമ്പത്തിനൊപ്പം വസിക്കുന്നു.
ഇംഫാലില്‍ നിന്ന് 53 കിലോമീറ്ററാണ് കെയ്ബുള്‍ ലംജാവോയിലേക്കുള്ളത്. വാഹനമിറങ്ങി കുറച്ചു ദൂരം വള്ളത്തില്‍ സഞ്ചരിച്ചാലാണ് ിവിടെയെത്താന്‍ സാധിക്കുക. വള്ളങ്ങള്‍ ധാരാളം കിട്ടാനുള്ളതിനാല്‍ അക്കാര്യം ബുദ്ധിമുട്ടാവില്ല. അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍ ജിരിബാം അല്ലെങ്കില്‍ തമെംഗ്‌ളോങ്. താമസത്തിനു സ്ഥലം കണ്ടെത്താന്‍ തീരെ ബുദ്ധിമുട്ടില്ല. റിസോര്‍ട്ടുകള്‍ ഈ പ്രദേശത്ത് വേണ്ടുവോളമുണ്ട്.