മലപ്പുറം: കേരളത്തില്‍ മെസി വരുമോ ഇല്ലയോ എന്ന സസ്‌പെന്‍സ് തീരാന്‍ ചുരുങ്ങിയപക്ഷം സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാനെങ്കിലും തയാറല്ല. ഒക്ടോബര്‍ മുതല്‍ മെസി വരുന്ന തീയതി ഇന്നല്ലെങ്കില്‍ നാളെ എന്ന മട്ടില്‍ മാറ്റിക്കൊണ്ടിരുന്ന മന്ത്രിയും സ്‌പോണ്‍സറും ഇപ്പോഴും സംഗതി കൈവിട്ടിട്ടില്ല. മെസി അടുത്ത വര്‍ഷം മാര്‍ച്ചില്‍ വരുമെന്ന് മന്ത്രി ഇന്നലെ മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അറിയിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഇമെയില്‍ വന്നിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. നവംബറില്‍ കേരളത്തില്‍ വരേണ്ടതായിരുന്നെങ്കിലും സ്റ്റേഡിയത്തിലെ അസൗകര്യങ്ങള്‍ മൂലമാണ് വരവ് മുടങ്ങിയതെന്ന് മന്ത്രി പറയുന്നു.
മാര്‍ച്ചില്‍ വരുമെന്നു പറയുന്ന മന്ത്രി ഫിഫയുടെ അനുമതി സംബന്ധിച്ച കാര്യത്തില്‍ ഇപ്പോഴും ഒന്നും പറയുന്നതേയില്ല. ഫിഫയുടെ അനുമതിയില്ലാതെ മെസിക്കു കേരളത്തില്‍ പര്യടനം നടത്താനാവില്ലെന്നതാണ് വാസ്തവം. ഇതിനു മുമ്പ് കേരളത്തില്‍ വരുമെന്നറിയിച്ച നവംബര്‍ 14ന് മെസി ആഫ്രിക്കന്‍ രാജ്യമായ അംഗോളയിലാണ് പര്യടനം നടത്തുകയെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. അതിന്റെ തീയതി മാസങ്ങള്‍ക്കു മുമ്പേ തീരുമാനമായിരിക്കുമ്പോഴാണ് നവംബറില്‍ കേരള പര്യടനം നടക്കുമെന്ന് സ്‌പോണ്‍സറും മറ്റും തറപ്പിച്ചു പറഞ്ഞിരുന്നത്.

