വാഷിങ്ടണ്‍: അമേരിക്കന്‍ പോലീസ് സംവിധാനമായ എഫിബിഐയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍ എന്ന കാശ് പട്ടേല്‍ തെറിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. മിസൗറിയിലെ അറ്റോര്‍ണി ജനറല്‍ ആന്‍ഡ്രൂ ബെയ്‌ലിയെ എഫ്ബിഐയുടെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കുന്നത് ഏറെ വൈകാതെ കശ്യപിനെ മാറ്റുന്നതിന്റെ സൂചനയാണെന്നു കരുതുന്നവരാണേറെ. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന് അനുഭവ സമ്പത്ത് ആര്‍ജിക്കാന്‍ ഏതാനും മാസം ബെയ്‌ലിക്കു ലഭിക്കുന്നതിനു കശ്യപിനായി പുതിയ ലാവണം ഒരുങ്ങിയേക്കുമെന്നാണ് പരക്കുന്ന ഊഹോപോഹം. ചാര്‍ലി കിര്‍ക്കിന്റെ വധത്തിലെ അന്വേഷണം വരുന്നതിനു മുമ്പു തന്നെ കശ്യപിനോട് ട്രംപിനു നീരസം തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം. ട്രംപിനു വ്യക്തിപരമായി ഏറെ താല്‍പര്യമുള്ള എപ്‌സ്റ്റൈന്‍ കേസിന്റെ അന്വേഷണം മുതലാണ് കശ്യപിന്റെ കഷ്ടകാലം തുടങ്ങുന്നത്. അതിനു പുറമെയാണ് ഇപ്പോള്‍ ട്രംപിന്റെ ഏറ്റവും അടുപ്പമുള്ളവരുടെ കൂട്ടത്തില്‍ പെട്ട കിര്‍ക്കിന്റെ വധത്തില്‍ കശ്യപിനു സംഭവിച്ച കൈപ്പിഴകള്‍.
കിര്‍ക്ക് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേ പ്രതിയെ പിടിച്ചതായി കശ്യപ് പ്രഖ്യാപിച്ചു. എന്നാല്‍ തെറ്റായ ആളായിരുന്നു പിടിയിലായിരുന്നത്. അതിനാല്‍ അല്‍പം കഴിഞ്ഞപ്പോള്‍ പ്രതിയെന്നു കരുതിയ ആളെ വിട്ടയച്ചു എന്നു തിരുത്തിപ്പറയേണ്ടതായി വന്നു. ഇതൊരു ആലോചനാ ശൂന്യമായ കാര്യമായിപ്പോയെന്നു വൈറ്റ്ഹൗസ് കരുതുന്നു. സംഭവം നടന്നതിന്റെ പിറ്റേന്ന് യൂട്ടായൂണിവേഴ്‌സിറ്റിയില്‍ എത്തിയ കശ്യപ് സാധാരണ എഫ്ബിഐ ഉദ്യോഗസ്ഥര്‍ ധരിക്കുന്നതു പോലെയുള്ള ജാക്കറ്റ് ധരിച്ചാണ് പുറത്തെത്തിയത്. ഡയറക്ടര്‍ റാങ്കിലുള്ളവര്‍ സാധാരണയായി ഇങ്ങനെ ചെയ്യാറില്ലാത്തതാണ്. ടൈലര്‍ റോബിന്‍സണ്‍ അറസ്റ്റിലായ കാര്യം അറിയിക്കുന്നതിനു വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ കശ്യപും സന്നിഹിതനായിരുന്നങ്കിലും അറസ്റ്റിന്റെ കാര്യങ്ങള്‍ വെളിപ്പെടുത്തിയത് യൂട്ടാ ഗവര്‍ണറായിരുന്നു. ഇതു പതിവില്ലാത്തതാണ്. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് കശ്യപ് അധികാരത്തിന്റെ ഉന്നത വൃത്തങ്ങള്‍ക്ക് അനഭിമിതനായിരിക്കുന്നത്.
കിര്‍ക്ക് വിഷയത്തില്‍ ട്രംപിനു നീരസം, കശ്യപ് പട്ടേലിനു കസേര തെറിച്ചേക്കും
