ചെന്നൈ: കരൂരില്‍ നാല്‍പത്തൊന്നു പേരുടെ ദാരുണ മരണത്തിനിടയാക്കിയ വിധത്തില്‍ റാലി നടത്തിയ തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌നെ പ്രതിയാക്കി കേസ് ചാര്‍ജ് ചെയ്യുന്നതിനു തടസമില്ലെന്നു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നു പോലീസ് കേസെടുക്കും. ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദേശത്തിനു കാക്കേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിനും നിയമോപദേശം ലഭിച്ചിട്ടുണ്ട്. അറസ്റ്റിനെ തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കം പോലീസ് നടത്തുകയും ചെയ്യും. റാലി നയിച്ചത് വിജയ് ആയിരുന്നെങ്കിലും ഇതുവരെ കേസെടുത്തിരുന്നത് ടിവികെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി ടി നിര്‍മല്‍, കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍ എന്നിവര്‍ക്കെതിരേ മാത്രമാണ്. മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ദുരന്തത്തിനു പിന്നാലെ ചെന്നൈയിലെത്തിയ വിജയ് വസതിയില്‍ തന്നെ തങ്ങുകയാണ്. കരൂരിലേക്കു പോകാന്‍ പോലീസിനോട് അനുമതി ചോദിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല.
കുരുക്ക് ദളപതിക്കു തന്നെ, പോലീസ് കേസ് വിജയ്‌ന്റെ പേരില്‍ തന്നെ വരും

