ആര്‍ത്തവ ക്ലേശമറിഞ്ഞ് കര്‍ണാടക സര്‍ക്കാര്‍, മാസത്തിലൊരുദിവസം ശമ്പളത്തോടു കൂടിയ അവധി

ബെഗളൂരു: ആര്‍ത്തവ അവധി നയത്തിന് കര്‍ണാടക ഗവണ്‍മെന്റിന്റെ അംഗീകാരം. ഇതോടെ കര്‍ണാടകത്തിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും വ്യവസായ മേഖലയിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരു ദിവസം ആര്‍ത്തവത്തിന്റെ പേരില്‍ ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗമാണ് ഏറെ പ്രാധാന്യമുള്ള ഈ തീരുമാനമെടുത്തത്. ഇതോടെ സ്ത്രീകളുടെ ജീവിതത്തില്‍ എല്ലാ മാസവും ആവര്‍ത്തിക്കുന്ന ക്ലേശപൂര്‍ണമായ ദിവസങ്ങളില്‍ ഒരു ദിവസം വിശ്രമിക്കുന്നതിനുള്ള അവസരം ലഭിക്കും. ഇനി ഏതൊക്കെ സംസ്ഥാനങ്ങള്‍ ഈ മാതൃക അനുകരിക്കാന്‍ തയാറാകുമെന്നാണ് കണ്ടറിയേണ്ടത്. മുപ്പതു ലക്ഷത്തോളം കോര്‍പ്പറേറ്റ് തൊഴിലാളികള്‍ ഉള്‍പ്പെടെ അറുപതു ലക്ഷത്തിലധികം സ്ത്രീ തൊഴിലാളികള്‍ കര്‍ണാടകത്തിലുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇവര്‍ക്കെല്ലാം ഈ അവധിയുടെ മെച്ചം ലഭിക്കുന്നത് വലിയൊരു സാമൂഹ്യമാറ്റത്തിനായിരിക്കും ഇടയാക്കുന്നതെന്നു കരുതപ്പെടുന്നു.