കണ്ണൂരില്‍ കുട്ടിക്കളിക്കു പ്രൊമോഷന്‍ കൊടുത്ത് ട്രാക്കില്‍ കല്ലു വച്ചു കളിച്ചപ്പോള്‍ സംഭവിച്ചത്

കണ്ണൂര്‍: കൗമാരക്കാരുടെ വികൃതികളും പ്രാങ്കുകളും എത്രവരെയാകാം. അതിന് അതിര്‍വരമ്പുകള്‍ സ്വയം നിശ്ചയിച്ചില്ലെങ്കില്‍ കണ്ണൂരില്‍ ഇന്നലെ ഉച്ചയ്ക്ക് നടന്നതു പോലെയാകും. കണ്ണൂരിനും വളപട്ടണത്തിനുമിടയില്‍ ഇന്നു രാവിലെ വന്ദേഭാരത് എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍ പാളത്തില്‍ വലിയ കരിങ്കല്‍ ചീളുകള്‍ വച്ചതായിരുന്ന കുട്ടിക്കളിയുടെ മാരക വേര്‍ഷന്‍. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ റെയില്‍വേ സംരക്ഷണ കൂട്ടികളെ കയ്യോടെ പിടികൂടുകയും ചെയ്തു.
ട്രെയിന്‍ കടന്നു പോകുമ്പോഴാണ് ട്രാക്കില്‍ കരിങ്കല്‍ ചീളുകള്‍ സ്ഥാപിച്ചിരിക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെടുന്നത്. കുഴപ്പമൊന്നും കൂടാതെ കല്ലുകള്‍ക്കു മുകളിലൂടെ ട്രെയിന്‍ കടന്നുപോയെങ്കിലും ലോക്കോ പൈലറ്റ് അപ്പോള്‍ തന്നെ വിവരം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ അറിയിക്കുകയും ചെയ്തു. ആര്‍പിഎഫ് സ്ഥലത്തെത്തുമ്പോഴും കഥാനായകന്‍മാര്‍ സ്ഥലത്തുണ്ട്. കൈയോടെ പൊക്കി. കല്ലു വച്ചതിന്റെ കാര്യം അവര്‍ പറഞ്ഞതായിരുന്നു ഏറ്റവും കൗതുകം. ട്രെയിന്‍ കടന്നു പോകുമ്പോള്‍ എന്തു സംഭവിക്കുമെന്നറിയാന്‍ വച്ചതാണത്രേ. ഏതായാലും കുട്ടികളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അവിടേക്കു തന്നെ രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം കുട്ടികളെ വീട്ടിലേക്കയച്ചു. കേസും അതിന്റെ നടപടികളും ഇനി ബാക്കി. വളപട്ടണത്തിനും കണ്ണൂരിനുമിടയില്‍ ട്രാക്കില്‍ കല്ലും കട്ടയും വയ്ക്കുന്നതു വ്യാപകമായിരിക്കുകയാണിപ്പോള്‍. അതിനാല്‍ ലോക്കോ പൈലറ്റുമാരും ആര്‍പിഎഫും പ്രത്യേക ശ്രദ്ധയിലാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.