കണ്ണൂര്‍: പഴയ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനാണോ ഇപ്പോഴുള്ളത് എന്നു സംശയിക്കുന്നതുപോലെയുള്ള മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇനി തീവണ്ടിയിറങ്ങിയാല്‍ ബസും ഓട്ടോയുമൊന്നും പിടിക്കേണ്ട. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്ക്കു കിട്ടും. പ്ലാറ്റ്‌ഫോമിലാണെങ്കില്‍ ഇലക്ട്രിക് ബഗ്ഗി സര്‍വീസ്. സ്‌റ്റേഷനുള്ളില്‍ ചായക്കടകള്‍ മാത്രമല്ല, ഇനി മുതല്‍ ചെരിപ്പ്, മൊബൈല്‍ കടകള്‍, ഗിഫ്റ്റ് ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലര്‍, കൂടുതല്‍ എടിഎം മെഷീനുകള്‍, ഐസ്‌ക്രീം പാര്‍ലര്‍ എന്നു വേണ്ട ആകെ മൊത്തം പുതിയൊരു ലെവലിലേക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാറുകയാണ്.
ഇ. സ്‌കൂട്ടറാണ് മാറ്റത്തില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷകമെന്നാണ് പറയുന്നത്. സ്റ്റേഷനില്‍ വന്നിറങ്ങിയാല്‍ അടുത്തേതെങ്കിലും സ്ഥലത്തേക്കാണ് പോകേണ്ടതെങ്കിലോ അവിടെ കുറേ നേരം താമസം വരുമെങ്കിലോ ഒന്നും ഒരു തരത്തിലുള്ള വേവലാതിയും വേണ്ടെന്ന് അര്‍ഥം. നേരേ പോയി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാടകയ്‌ക്കെടുക്കുക. ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും കൈയിലുണ്ടായിരുന്നാല്‍ മതി. ഹെല്‍മറ്റ് പോലും വണ്ടിക്കൊപ്പം തന്നുകൊള്ളും. കണ്ണൂരിനു പുറമെ സമീപ സ്റ്റേഷനുകളായ മാഹി, പഴയങ്ങാടി, തലശേരി എന്നിവിടങ്ങളിലും ഈ സൗകര്യം ലഭിക്കും. എറണാകുളം, തിരുവനന്തപുരം പോലെയുള്ള വലിയ സ്‌റ്റേഷനുകളില്‍ മാത്രമുണ്ടായിരുന്ന റെന്റ് എ ബൈക്ക് സംവിധാനമാണ് കണ്ണൂരിലും സമീപത്തുമുള്ള നാലു സ്റ്റേഷനുകളിലേക്കു കൂടിയെത്തുന്നത്. കണ്ണൂരില്‍ നിന്നു പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സൗകര്യം വര്‍ധിപ്പിച്ച് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുക എന്നതാണിതിന്റെ ലക്ഷ്യം. മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള വാടകയ്ക്കും ദിവസ വാടകയ്ക്കും സ്‌കൂട്ടര്‍ കിട്ടും. വണ്ടിക്കൊപ്പം ജിപിഎസ് സംവിധാനവും ഹെല്‍മറ്റും കൂടി ലഭിക്കുകയും ചെയ്യും.
പ്ലാറ്റ്‌ഫോമിലെ യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ ബഗ്ഗിക്കും നല്ല സ്വീകരണമാണ് യാത്രക്കാരില്‍ നിന്നു ലഭിക്കുന്നത്. ബാറ്ററി ഉപയോഗിച്ചാണ് ബഗ്ഗിയുടെ പ്രവര്‍ത്തനം. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും പ്രായമായവര്‍ക്കും ഏറെ ഉപകാരപ്രദമാണിത്. എട്ടുകിലോ വരെയുള്ള ബാഗിന് നിലവില്‍ ബഗ്ഗിയില്‍ പണമൊന്നും കൊടുക്കേണ്ട. അതിനു മുകളിലാണ് തൂക്കമെങ്കില്‍ ഒരെണ്ണത്തിനു പത്തു രൂപ വീതം കൊടുക്കണം.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ആകെ മൊത്തം മാറുന്നു, പുത്തന്‍ കാര്യങ്ങളെത്രയെന്നോ
