കീവീസിന്റെ റണ്‍വേട്ടക്കാരന്‍ കെയ്ന്‍ വില്യംസണ്‍ ട്വന്റി20യില്‍ നിന്നു വിരമിക്കുന്നു, ടെസ്റ്റിലും ഏകദിനത്തിലും തുടരും

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസീലാന്‍ഡിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോക കപ്പിനു മുന്നോടിയായി ടീമിനു കൂടുതല്‍ വ്യക്തത നല്‍കാന്‍ വേണ്ടിയാണ് തന്റെ പിന്‍മാറ്റമെന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തവേ വില്യംസണ്‍ വെളിപ്പെടുത്തി. ട്വന്റി20 ഫോര്‍മാറ്റില്‍ ന്യൂസീലാന്‍ഡിന്റെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍ എന്ന നിലയിലാണ് അദ്ദേഹം് അറിയപ്പെടുന്നത്.

93 മത്സരങ്ങളില്‍ നിന്ന് പതിനെട്ട് അര്‍ധ സെഞ്ചുറികളാണ് ഇദ്ദേഹം നേടിയിരിക്കുന്നത്. ആകെ നേടിയത് ട്വന്റി20യില്‍ നിന്ന് 2575 റണ്‍സാണ്. 2021ലെ ലോക കപ്പില്‍ ന്യൂസീലാന്‍ഡിനെ ഫൈനലിലേക്ക് നയിച്ചതും 2016ലും 2022ലും സെമി ഫൈനല്‍ വരെയെത്തിച്ചതും ഇദ്ദേഹത്തിന്റെ മികവാണെന്നു വിലയിരുത്തപ്പെടുന്നു.

ഫ്രാഞ്ചൈസി മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുമാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ തന്റെ പങ്കാളിത്തം കുറയ്ക്കുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. ടെസ്റ്റിലും ഏകദിനത്തിലും കളിക്കുന്നതു തുടരുമെന്നും ഈ മുപ്പത്തഞ്ചുകാരന്‍ സൂചന നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *