സിഡ്‌നി: ഓസ്‌ട്രേലിയന്‍ സയന്‍സിന്റെ ഓസ്‌കാര്‍ അവാര്‍ഡുകള്‍ എന്നു വിളിക്കപ്പെടുന്ന യുറേക്ക ശാസ്ത്ര പുരസ്‌കാരത്തിന് ഇന്ത്യന്‍ വംശജരായ ഡോ. കമല്‍ കാന്ത് ഗുപ്തയും ഡോ. ഹാസിന്ദു ഗമാരച്ചിയും അര്‍ഹരായി. ശാസ്ത്രമേഖലയിലെ ഗവേഷണത്തിനും നേതൃത്വത്തിനും ഇടപെടലുകള്‍ക്കും രാജ്യം നല്‍കുന്ന ഏറ്റവും മികച്ച പുരസ്‌കാരമായി യൂറേക്ക പുരസ്‌കാരങ്ങള്‍ കണക്കാക്കപ്പെടുന്നു. ശാസ്ത്രത്തിലൂന്നി ഓരോ കാലത്തിന്റെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നവര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
സൈനിക പ്രതിരോധ ശാസ്ത്രജ്ഞനാണ് ഡോ. കമല്‍ കാന്ത് ഗുപ്തയെങ്കില്‍ സിഡ്‌നി യുഎന്‍എസ്ഡബ്ല്യൂവിലെ ഗവേഷകനാണ് ഡോ. ഹാസിന്ദു ഗമാരച്ചി. 19 വിഭാഗങ്ങളിലാണ് യുറേക്ക അവാര്‍ഡുകള്‍ നല്‍കുന്നത്. സൈനിക പ്രതിരോധ സാമഗ്രികളില്‍ ഉപയോഗിക്കുന്നതിനായി അനധികൃത ഇടപെടലുകളെ പ്രതിരോധിക്കുന്ന ചിപ്പുകള്‍ വികസിപ്പിച്ചതാണ് ഡോ. കമല്‍ കാന്ത് ഗുപ്തയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇത്തരം ചിപ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ ഇലക്ട്രോ മാഗ്നറ്റിക് വസ്തുക്കള്‍ക്കോ വികരണമുളവാക്കുന്ന മറ്റു വസ്തുക്കള്‍ക്കോ സാധിക്കില്ല. അതിനാല്‍ അവയെ സുരക്ഷിതമായി സൈനിക പ്രതിരോധ വസ്തുക്കളിലും ഉപഗ്രഹ സാങ്കേതിക വിദ്യയിലുമെല്ലാം ഉപയോഗിക്കുന്നതിനാകും. ഏറ്റവും മികവു പുലര്‍ത്തിയ യുവഗവേഷകനുള്ള യൂറേക്ക പുരസ്‌കാരത്തിനാണ് ഡോ. ഹാസിന്ദു ഗമാരച്ചി അര്‍ഹനായത്. ജീനോം സീക്വന്‍സിങ്ങുമായി ബന്ധപ്പെട്ട മേഖലയിലാണ് ഈ യുവ ഗവേഷകന്റെ പഠനം നടക്കുന്നത്. ജീവനുള്ള ഏതു വസ്തുവിലെയും ജീനോം ഘടന പഠിക്കുന്നതിനാവശ്യമായ കമ്പ്യൂട്ടിങ് സാങ്കേതിക വിദ്യയാണ് ഗമാരച്ചി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കമല്‍ കാന്ത് ഗുപ്തയ്ക്കും ഹാസിന്ദു ഗമാരച്ചിക്കും ‘സയന്‍സിന്റെ ഓസ്‌കാറാ’യ യൂറേക്ക അവാര്‍ഡ്
