സിഡ്നി: അമേരിക്കന്‍ രാഷ്ട്രീയത്തിലെ അതിശക്ത വനിതാ വ്യക്തിത്വമായ കമല ഹാരിസ് 2026 ഫെബ്രുവരിയില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന വിമന്‍ അണ്‍ലിമിറ്റഡ് ലീഡര്‍ഷിപ്പ് ഉച്ചകോടിയിലെ താരസാന്നിധ്യമാകും. ഉച്ചകോടിയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പരിപാടിയായ ഫയര്‍സൈഡ് ചാറ്റില്‍ പ്രശസ്ത പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ലീ സെയില്‍സുമായി കമല ദീര്‍ഘ സംഭാഷണത്തില്‍ ഏര്‍പ്പെടും.
2023ല്‍ ആരംഭിച്ച വിമന്‍ അണ്‍ലിമിറ്റഡ് ലീഡര്‍ഷിപ്പ് ഉച്ചകോടിയുടെ 2026 എഡിഷന് ഫെബ്രുവരി 18 മുതല്‍ 20 വരെയാണ് നടക്കുക. കാന്‍ബറ, സിഡ്നി, അഡലൈഡ്, ബ്രിസ്ബേന്‍, പെര്‍ത്ത്, മെല്‍ബണ്‍ എന്നീ തലസ്ഥാന നഗരങ്ങളില്‍ ഉച്ചകോടിയുടെ ഭാഗമായ സംവാദങ്ങളും പൊതുയോഗങ്ങളും ചര്‍ച്ചകളും നടക്കും. സിഡ്നി, കാന്‍ബറ എന്നീ നഗരങ്ങളിലാണ് കമല ഹാരിസ് നേരിട്ട് സംവാദങ്ങളില്‍ പങ്കെടുക്കുക. മറ്റിടങ്ങളില്‍ കമലയുടെ സംവാദം ലൈവ് സ്ട്രീം ചെയ്യുകയായിരിക്കും.
കമല ഹാരിസിനു പുറമെ ഉച്ചകോടിയിലെത്തുന്ന താരസാന്നിധ്യങ്ങള്‍ ഓസ്ട്രേലിയയിലെ മുന്‍ വിദേശകാര്യ മന്ത്രിയും ലിബറല്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറുമായ ജൂലി ബിഷപ്പ്, പ്രശസ്ത എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ അന്നബല്‍ ക്രാബ്, പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും പോഡ്കാസ്റ്റ് കോ ഹോസ്റ്റുമായ ലീ സെയില്‍സ് എന്നിവരാണ്.
സാധ്യതകളെ അതിരുകളില്ലാതെ തിരുത്തിയെഴുതാന്‍ വനിതകള്‍ തയാറാകുമ്പോഴാണ് യഥാര്‍ഥ നേതൃത്വം പിറവിയെടുക്കുന്നത് എന്ന ബോധ്യമാണ് ഉച്ചകോടിയെ നയിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. ധീരമായ ശുഭാപ്തിവിശ്വാസവും അതിജീവന ശേഷിയും അര്‍പ്പണ മനോഭാവവും പ്രകടമാക്കിയ വനിതാ നേതാക്കളാണ് അടുത്ത ഉച്ചകോടിയുടെ ആകര്‍ഷണമെന്നും സംഘാടകര്‍ പറയുന്നു. ഇരുനൂറിലധികം പ്രാസംഗികരെയും മൂവായിരത്തിലധികം ശ്രോതാക്കളെയുമാണ് ഇത്തവണത്തെ ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നത്.
വനിതാ നേതൃത്വ ഉച്ചകോടിയില്‍ സംവാദം, കമലാ ഹാരിസ് ഓസ്ട്രേലിയയിലെത്തുന്നു

