ഓര്‍മയുണ്ടോ കൈരളിയെ, ഓര്‍മയുണ്ടോ ബര്‍മുഡ ട്രയാംഗിളിനെ. ഓര്‍മകളിലേക്കാണീ പടം

കൊച്ചി: എം വി കൈരളി എന്ന കപ്പലും ബര്‍മൂഡ ട്രയാംഗിള്‍ എന്ന പേടിസ്വപ്‌നവും പത്രത്തലക്കെട്ടുകളായിരുന്ന കാലം ഒരു തലമുറയുടെ ഓര്‍മകളില്‍ പോലും നിറം മങ്ങിപ്പോയിരിക്കുമ്പോള്‍ അക്കാലം ഇതാ സിനിമ സ്‌ക്രീനില്‍ വീണ്ടും പിറക്കുന്നു. 2018 എന്ന ക്ലാസിക് സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ഒരിക്കല്‍ കൂടി ചരിത്രമെഴുതാന്‍ ഒരുങ്ങുന്നു. 2018 ഓസ്‌കാര്‍ എന്‍ട്രി മാത്രമായിരുന്നെങ്കില്‍ കൈരളി അതുക്കും മേലേ പോകുമോയെന്നും കാലം തെളിയിക്കും. എം വി കൈരളി ദി എന്‍ഡ്യുറിങ് മിസ്റ്ററി എന്ന പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കോണ്‍ഫ്‌ളൂവന്‍സ് മീഡിയയാണ്.
ജൂഡ് ആന്തണിക്കൊപ്പം അമേരിക്കന്‍ എഴുത്തുകാരനായ ജയിംസ് റൈറ്റും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജോസി ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജോസി തന്നെയാണ് കോണ്‍ഫ്‌ളൂവന്‍സ് മീഡിയയുടെ സ്ഥാപകന്‍. ഈ സിനിമയുടെ കഥ ആസ്പദമാക്കിയിരിക്കുന്നത് കപ്പല്‍ തിരോധാനവുമായി നേരിട്ട് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിവരണങ്ങളെ തന്നെയാണ്. കൈരളിയുടെ കാപ്റ്റനായിരുന്ന മരിയദാസ് ജോസഫിന്റെ മകനും റിട്ടയേഡ് ലെഫ്റ്റനന്റ് കേണലുമായ തോമസ് ജോസഫ് എഴുതിയ ദി മാസ്റ്റര്‍ മാരിനര്‍ എന്ന ഗ്രന്ഥത്തെയാണ് വിവരങ്ങള്‍ക്കായി കൂടുതലായി ആശ്രയിച്ചിരിക്കുന്നത്. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഈ മാസം 25നാണ് പ്രകാശനം ചെയ്യപ്പെടുന്നത്.
എം വി കൈരളിക്കൊപ്പം അമ്പത്തൊന്ന് ജീവിതങ്ങള്‍ കൂടിയാണ് കണ്‍വെട്ടത്തു നിന്ന് മറഞ്ഞു പോയത്. ജീവിതത്തിലുടനീളം നീണ്ടു നിന്ന ഒരു വ്യഥയ്ക്ക് അവസാനം വരുത്താനാണ് ദി മാസ്റ്റര്‍ മാരിനര്‍ എന്ന ഗ്രന്ഥമെഴുതിയതെന്ന് തോമസ് ജോസഫ് പറയുന്നു. കൈരളിയുടെ കഥ സിനിമയാക്കുന്നതിനുള്ള ഗവേഷണത്തിലായിരുന്നു ദീര്‍ഘനാളുകളായിട്ടെന്ന് കോണ്‍ഫ്‌ളൂവന്‍സ് മീഡിയയുടെ സ്ഥാപകനും സഹരചയിതാവുമായ ജോസി ജോസഫും പറയുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ട സീരിയലുകളിലൊന്നായ ബ്ലാക്ക് വാറന്റ് എന്ന ജയില്‍ ത്രില്ലറിനു ശേഷം കോണ്‍ഫ്‌ളുവന്‍സ് മീഡിയ ഏറ്റെടുക്കുന്ന ഏറ്റവും വലിയ പ്രോജക്ടാണ് കൈരളിയുടേത്.