സിഡ്‌നി: ഓളപ്പരപ്പില്‍ ഓണത്തിന്റെ ആവേശം നിറയ്ക്കുന്ന വള്ളംകളിയില്‍ മാറ്റുരയ്ക്കുന്നതിന് സിഡ്‌നി പെന്റിത്തില്‍ നിന്നുള്ള മിന്നല്‍ വള്ളംകളി ടീം തകര്‍പ്പന്‍ ഒരുക്കത്തില്‍. കൈരളി വള്ളം കളി എന്നു പേരിട്ടിരിക്കുന്ന ഡോ. വി പി ഉണ്ണികൃഷ്ണന്‍ സ്മാരക വള്ളംകളി സെപ്റ്റംബര്‍ 20ന് ഓക്‌സന്‍ഫോര്‍ഡിലെ ഡാമിയന്‍ ലീഡിങ് മെമ്മോറിയല്‍ പാര്‍ക്കിലാണ് നടക്കുന്നത്. കൈരളി ബ്രിസ്‌ബേന്‍ മലയാളീ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വള്ളംകളിയില്‍ ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വള്ളക്കാര്‍ മത്സരിക്കാനെത്തും. ഓസ്‌ട്രേലിയയില്‍ നടക്കുന്ന കായിക വിനോദങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സാംസ്‌കാരിക പരിപാടിയാണ് കൈരളി വള്ളംകളി. കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും ഓളപ്പരപ്പില്‍ അവതരിപ്പിക്കുന്ന ഏറ്റവും ശ്രദ്ധേയമായ പരിപാടിയെന്ന അംഗീകാരവും കൈരളി വള്ളംകളി നേടിക്കഴിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണം പറഞ്ഞ ടീമുകള്‍ തുഴയാനെത്തുന്ന ഈ വള്ളംകളി മികച്ച കായിക വിരുന്നായിരിക്കുമെന്നുറപ്പ്.
കൈരളി വള്ളംകളി 20ന്, മാറ്റുരയ്ക്കാന്‍ പെന്റിത്തിലെ മിന്നല്‍ ടീം തയാറെടുപ്പില്‍
